വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതായി സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. എല്ലാ പാര്‍ട്ടികളും ഒരേ സ്വരത്തോടെ ഒറ്റക്കെട്ടായി സര്‍ക്കാരിനും സേനയ്ക്കും പിന്തുണ നല്‍കിയതായും സുഷമ സ്വരാജ് പറഞ്ഞു.

ഇതില്‍ സന്തോഷമുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു. പാക് ഭീകര കേന്ദ്രങ്ങളില്‍ വ്യോമസേന നടത്തിയ ആക്രമണം സംബന്ധിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികളോട് വിശദീകരിക്കാന്‍ വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സുഷമാ സ്വരാജ്.

ഒരു യുദ്ധം തുടങ്ങിവെക്കാന്‍ നടത്തിയ നീക്കമല്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ പ്രതിപക്ഷ കക്ഷികളോട് സുഷമാ സ്വരാജ് പറഞ്ഞു. പാക് സര്‍ക്കാര്‍ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ നമ്മള്‍ തിരിച്ചടിക്കില്ലായിരുന്നു. പക്ഷെ ജെയ്‌ഷെ മുഹമ്മദ് കൂടുതല്‍ ചിറക് വിടര്‍ത്താനാണ് ശ്രമിച്ചത്. സി.ആര്‍.പി.എഫ് ജവാന്മാര്‍ ആക്രമിക്കപ്പെട്ടപ്പോഴും പാക് സര്‍ക്കാര്‍ മിണ്ടാതിരുന്നു. സുഷമാ സ്വരാജ് പറഞ്ഞു

സേനയുടെ പരിശ്രമങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി അഭിനന്ദിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തീവ്രവാദികളെയും തീവ്രവാദ ക്യാംപുകളെയും ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമായിരുന്നു ഇന്ത്യ നടത്തിയതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സര്‍ക്കാരിന്‍റെത് ശരിയായ നടപടിയായിരുന്നുവെന്ന് അസാദുദീന്‍ ഒവൈസി പറഞ്ഞു.

Top