ഇന്ത്യന്‍ വ്യോമസേന ദിനം; പ്രളയക്കെടുതിയിലെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് പിണറായി

ന്യൂഡല്‍ഹി: 86-ാം വാര്‍ഷികാഘോഷങ്ങള്‍ ഗംഭീരമാക്കി ഇന്ത്യന്‍ വ്യോമസേന. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വലിയ പരേഡോടു കൂടിയാണ് ആഘോഷ പരിപാടികള്‍ നടന്നത്. ജാഗുര്‍, മിറേജ്-2000, എസ്.യു-30 ഫൈറ്റര്‍ ജെറ്റ് തുടങ്ങിയവയുടെ അഭ്യാസപ്രകടനവും നടന്നു.

വിവിധ റഡാറുകള്‍, മിസൈല്‍ സംവിധാനങ്ങള്‍, എയര്‍ക്രാഫ്റ്റ്, ആയുധങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വ്യോമസേന നടത്തി.

1932ലാണ് ഇന്ത്യന്‍ വ്യോമസേന രൂപം കൊള്ളുന്നത്. റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായിരുന്നു അന്നത്തെ പേര്. ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു അന്നത്തെ സേന. 1950ലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന് പേര് മാറ്റിയത്.

പ്രളയത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയ വ്യോമസേനയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചു.

വ്യോമസേനാ ദിനത്തില്‍ എല്ലാ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ആശംസകള്‍ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ദുരന്ത നിവാരണത്തില്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം കാഴ്ചവച്ച സേനയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

വ്യോമ സേന ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

രണ്ട് മാസം മുന്‍പാണ് വാര്‍ഷിക ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ നാവിക സേന ആരംഭിക്കുന്നത്. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, പീയുഷ് ഗോയല്‍, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സേനയ്ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു.

Top