ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വിളിച്ചോതി 87-ാമത് വാര്‍ഷിക ദിനാഘോഷം

ന്യൂഡല്‍ഹി: കരുത്തും കഴിവും തെളിയിക്കുന്ന ശക്തിപ്രകടനമായി വ്യോമസേനയുടെ 87-മത് വാര്‍ഷിക ദിനാഘോഷം ഡല്‍ഹിയില്‍ നടന്നു. ഡല്‍ഹി അതിര്‍ത്തിയിലെ ഹിന്റന്‍ വ്യോമതാവളത്തില്‍ നടന്ന ആഘോഷ ചടങ്ങില്‍ കര, നാവിക സേനാ മേധാവികളും പങ്കെടുത്തു.

കരസേനാ മേധാവി ബിപിന്‍ റാവത്ത്, ഇന്ത്യന്‍ വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ് ബദൗരിയ, നവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവര്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.

87 വര്‍ഷത്തെ ചരിത്രത്തില്‍ വ്യോമസേന ആര്‍ജ്ജിച്ചെടുത്ത കരുത്തിന്റെ പ്രകടനമായിരുന്നു ഹിന്റന്‍ വ്യോമതാവളത്തില്‍ ഒരുക്കിയത്. ഇന്ത്യയുടെ അഭിമാനമായി മാറിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ മിഗ് 21ന്റെ പുതുക്കിയ യുദ്ധവിമാനവുമായാണ് വ്യോമഭ്യാസ പ്രകടനത്തിന് എത്തിയത്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനത്തിന്റെ ഏറെ നേരം നീണ്ടുനിന്ന പ്രകടനങ്ങളായിരുന്നു ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം.

ബാലക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ക്ക് നിറഞ്ഞ കൈയടിയോടെയായിരുന്നു സ്വീകരണം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും താത്പര്യങ്ങളും എന്തു വിലകൊടുത്തും സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ് ബദൗരിയ പറഞ്ഞു.ഏത് അടിയന്തിര സാഹചര്യത്തെ നേരിടാനും ഓരോ പോരാളികളും തയ്യാറായിരിക്കണമെന്നും ബദൗരിയ ആഹ്വാനം ചെയ്തു.

കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിംഗ് കമാണ്ടര്‍ പ്രശാന്ത് നായര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് സേനാമെഡലുകള്‍ വ്യോമസേന മേധാവി സമ്മാനിച്ചു.

Top