പാക് അതിര്‍ത്തിയില്‍ ശക്തിപ്രകടനവുമായി വ്യോമസേന ; പങ്കെടുത്തത് 140 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും

പൊഖ്റാന്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് പിന്നാലെ ആയുധപ്രഹരശേഷിയുടെ കരുത്ത് കാട്ടി ഇന്ത്യന്‍ വ്യോമസനയുടെ അഭ്യാസ പ്രകടനം.

രാജസ്ഥാനിലെ പൊഖ്‌റാനിലാണ് വ്യോമസേന ശക്തിപ്രകടനം നടത്തിയത്. വായൂ ശക്തി എന്ന പേരിലായിരുന്നു വ്യോമസേനയുടെ അഭ്യാസ പ്രകടനം നടന്നത്. ആക്രമണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളും എല്ലാ ശ്രേണിയിലുംപെട്ട യുദ്ധ വിമാനങ്ങളും ശക്തിപ്രകടനത്തില്‍ പങ്കെടുപ്പിച്ചിരുന്നു.

എസ്.യു -30, മിറാഷ് 2000, ജഗ്വാര്‍, മിഗ് -21, മിഗ് 27, മിഗ് 29, ഐ.എല്‍ 78, ഹെര്‍ക്കുലീസ്, എ.എന്‍ 32 തുടങ്ങിയ വിമാനങ്ങളാണ് അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തത്.

മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് ഇത്തരത്തില്‍ സമ്പൂര്‍ണ ആയുധങ്ങളുമായുള്ള വ്യോമസേനയുടെ അഭ്യാസം നടക്കുന്നത്. വ്യോമസേനാ മേധാവിയും കരസേനാ മേധാവിയും അഭ്യാസപ്രകടനങ്ങള്‍ വീക്ഷിക്കുന്നുണ്ട്.

തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പൊഖ്‌റാനിലെ അഭ്യാസ പ്രകടനം.

Top