the Indian Air Force aircraft to be broken

ന്യൂ ഡല്‍ഹി: സൈനികരടക്കം 29 പേരുമായി കാണാതായ വ്യോമസേന വിമാനം തകര്‍ന്നതായി സൂചന. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ ദുരത്താണ് അവശിഷ്ടം കണ്ടെത്തിയതെന്നായാണ് റിപ്പോര്‍ട്ട്.

വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ മേല്‍നോട്ടം വഹിച്ചു. ചെന്നൈയിലെത്തുന്ന മനോഹര്‍ പരീക്കര്‍ നേരിട്ട് തെരച്ചില്‍ സന്നാഹങ്ങളും നടപടികളും വിലയിരുത്തിയിരുന്നു.

ഇന്നലെ ചെന്നൈയില്‍ നിന്ന് പോര്‍ട്ട്‌ബ്ലെയറിലേക്ക് തിരിച്ച ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ AN32 ചരക്കുവിമാനമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായത്. സൈനികരടക്കം 29 പേരാണ് വിമാനത്തിലുള്ളത്.

ഇതില്‍ രണ്ട് പേര്‍ കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് കക്കോടി സ്വദേശിയായ വിമല്‍(30), കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ (37) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.

ചെന്നൈയിലെ തംബാരം വ്യോമതാവളത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 8.30ന് തിരിച്ച വ്യോമസേന വിമാനം എഎന്‍ 32 പറന്നുയര്‍ന്നതിന് അല്‍പ സമയങ്ങള്‍ക്ക് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 11.45ന് പോര്‍ട്ട്‌ബ്ലെയറില്‍ എത്തേണ്ടിയിരുന്ന വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.

വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത് പറന്നുയര്‍ന്നതിന് ശേഷം 15ആം മിനിറ്റിലാണെന്ന് അധികൃതര്‍ പറയുന്നു. 9.12 ഓടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ചെന്നൈയില്‍ നിന്ന് 280 കിലോ മീറ്റര്‍ കിഴക്കായിരുന്നു അപ്പോള്‍ വിമാനത്തിന്റെ സ്ഥാനം.

വ്യോമസേന വിമാനത്തില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാതിരുന്നതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും നാവിക സേനയും വ്യാപക തെരച്ചില്‍ ആരംഭിച്ചിരുന്നു. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും 12 കപ്പലുകളാണ് തെരച്ചില്‍ നടത്തിയത്.

Top