പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളില്‍ ‘പാക്’ പങ്ക്; വിരല്‍ചൂണ്ടി ഇന്റലിജന്‍സ് ഏജന്‍സികള്‍

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കാന്‍ പാകിസ്ഥാന്‍ ശക്തമായ ഇടപെടല്‍ നടത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്താന്‍ ഫണ്ടിംഗും, നിര്‍ദ്ദേശങ്ങളും നല്‍കിയത് പാകിസ്ഥാനില്‍ നിന്നാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. 2002 ഗുജറാത്ത് കലാപങ്ങളുമായി ഡല്‍ഹി കലാപങ്ങളെ താരതമ്യം ചെയ്ത് പ്രശ്‌നം ഉയര്‍ത്തിക്കാണിക്കാന്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇസ്ലാമാബാദ് ശ്രമിക്കുകയും ചെയ്തു.

മാര്‍ച്ച് 3, 4 തീയതികളില്‍ സംഘടിപ്പിച്ച പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് മാര്‍ഗ്ഗത്തില്‍ പാകിസ്ഥാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ നടത്തിയ ചാറ്റുകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്ക് ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചോദിച്ച ഫണ്ട് നല്‍കിയിട്ടും പ്രതിഷേധങ്ങളില്‍ ആവശ്യത്തിന് ജനക്കൂട്ടം എത്തുന്നില്ലെന്നതിന് ഇവര്‍ കാരണം തേടുന്നതായി സന്ദേശങ്ങള്‍ വ്യക്തമാക്കി.

ഒരു ഫോണ്‍ വിളിയില്‍ ജനക്കൂട്ടത്തെ സംഘടിപ്പിക്കാത്തതിന് പാക് ഹാന്‍ഡ്‌ലര്‍ ഇന്ത്യയിലെ സഹായിയോട് വിശദീകരണം ചോദിക്കുന്നുണ്ട്. ഡല്‍ഹി കലാപങ്ങള്‍ കെട്ടടങ്ങിയ ഘട്ടത്തിലും പാകിസ്ഥാനികളും, അവരുടെ സുഹൃത്തുക്കളും നോര്‍ത്ത് ഇന്ത്യയിലെ മുസ്ലീം യുവാക്കളെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ വീഡിയോയും, പ്രഭാഷണങ്ങളും വഴി പ്രേരിപ്പിക്കുന്നതായി അനലിസ്റ്റുകള്‍ എച്ച്ടിയോട് പറഞ്ഞു.

പാകിസ്ഥാന്‍ മുന്നോട്ട് വെയ്ക്കുന്ന നയങ്ങളെ ഇറാന്‍, തുര്‍ക്കി പോലുള്ള രാജ്യങ്ങളാണ് പിന്തുണയ്ക്കുന്നത്. ഷിയാ, സുന്നി ഇസ്ലാമിക ലോകം സൃഷ്ടിക്കാനുള്ള ഈ രാജ്യങ്ങളുടെ മോഹങ്ങളാണ് ഇസ്ലാമാബാദ് പാലൂട്ടി വിനിയോഗിക്കുന്നത്. ഇന്ത്യയിലെ പ്രശ്‌നബാധിതമായ വെള്ളത്തില്‍ മീന്‍പിടിക്കാനാണ് റാവല്‍പിണ്ടി ജിഎച്ച്ക്യൂ ആസ്ഥാനം ശ്രമിക്കുന്നത്.

അതേസമയം സിഎഎ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് അവരുടെ നാട്ടില്‍ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള നിയമം പാക് ഭരണകൂടത്തിന് നാണക്കേടാണ്. ഇതുകൊണ്ട് തന്നെയാണ് ഇന്ത്യയില്‍ പൗരത്വ നിയമത്തിന് വിരുദ്ധമായ പ്രതിഷേധങ്ങള്‍ ആളിക്കത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നതും.

Top