കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ‘അയാം’

കോവിഡ് മഹാമാരിയും ലോക്ക് ഡൗണും മൂലം ജീവിതം വഴിമുട്ടിയവരെ സഹായിക്കാനായി സിനിമ മേഖലയില്‍ നിന്നും നിരവധിപേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ മാതൃകയാവുകയാണ് ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് (അയാം).

സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവരും കിടപ്പുരോഗികളും പാലിയേറ്റീവ് രോഗികളും നിര്‍ദ്ധനരുമായ 500 ഓളം പേര്‍ക്ക് രാത്രി ഭക്ഷണം സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കിയാണ് ‘അയാം’ കോവിഡ് പോരാട്ടത്തില്‍ പങ്കുചേരുന്നത്.

അഞ്ഞൂറ് പേര്‍ക്കുള്ള ഭക്ഷണത്തിനു പുറമേ ഇഫ്താര്‍ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്. കൊച്ചി പള്ളുരുത്തിയില്‍ ‘സമോവര്‍’ ചായക്കട നടത്തുന്ന ‘അയാമി’ന്റെ സജീവാംഗമായ നാസിമും സുഹൃത്തായ സിജുവും ചേര്‍ന്നാണ് സന്നദ്ധസേവനത്തിനു തുടക്കമിട്ടത്.


ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് സമോവറിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളോടൊപ്പം ഇന്‍ഡ്യന്‍ ആഡ്ഫിലിം മേയ്‌ക്കേഴ്‌സും കൈകോര്‍ക്കാന്‍ തീരുമാനിച്ചത്.

ഇഫ്താര്‍ കിറ്റുകളുടെ വിതരണ പരിപാടി ‘അയാം’ സെക്രട്ടറി സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സ്ലീബ വര്‍ഗ്ഗീസ്, അരുണ്‍കുമാര്‍,സൂരജ് ടോം, അപ്പുണ്ണി, ഗംഗാപ്രസാദ്, വി.എ ശ്രീജിത്ത്, വി.ജെ തങ്കച്ചന്‍, രഞ്ജിത്ത്, കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാസിമിനേയും സിജുവിനേയും യോഗത്തില്‍ അനുമോദിച്ചു.

കോവിഡ് ബോധവത്ക്കരണത്തിനായി ഫെഫ്ക നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളിലും, എറണാകുളം പൊലീസ് കമ്മീഷണറേറ്റിന്റെ ഷോര്‍ട്ട് ഫിലിമുകളിലും ‘അയാമി’ന്റെ പങ്കാളിത്തമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയക്കാലത്തും മാതൃകാപരമായ സന്നദ്ധ പരിപാടികള്‍ ‘അയാം’ ഏറ്റെടുത്ത് നടത്തിയിരുന്നു.

Top