ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും

ദില്ലി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും. നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ടീസ്തക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വിശദമായി വാദം കേട്ട ശേഷമമാണ് ജാമ്യം നൽകിയത്. ചോദ്യം ചെയ്യലിനും തേളിവ് ശേഖരണത്തിനും പൊലീസിന് മതിയായ സമയം കിട്ടിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ടീസ്റ്റ സെതൽവാദിൻ്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും ഇക്കാര്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

തുടരന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും ടീസ്തയോട് കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ​ദിവസം ഹർജി പരിഗണിച്ചപ്പോൾ കോടതി ഗുജറാത്ത് പൊലീസിനെയും ഹൈക്കോടതിയെയും വിമർശിച്ചിരുന്നു. രണ്ട് മാസമായി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും സാകിയ ജാഫ്രിയുടെ കേസ് തള്ളി സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളല്ലാതെ എഫ് ഐ ആറിൽ മറ്റൊന്നുമില്ലെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി നോട്ടീസിന് മറുപടി നൽകാൻ ആറ് ആഴ്ചയെടുത്തു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൊലപാതകം പോലെ ഗുരുതരമല്ലെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യം അനുവദിക്കുന്നതിന് തടസ്സമാകുന്ന കുറ്റങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Last Updated Sep 3, 2022, 6:20 AM IST

Top