അതിർത്തിയിൽ പാക്ക് സൈനികരുടെ ചിതറിയ ശരീരങ്ങൾ, ശക്തമായ തിരിച്ചടി . .

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുമ്പോള്‍ അതിര്‍ത്തിയും ചുട്ടുപൊള്ളുകയാണ്. ശക്തമായ പോരാട്ടമാണ് ഇന്ത്യന്‍ സേന പാക്ക് സൈന്യവുമായി നടത്തുന്നത്. അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു വിവരവും ഇപ്പോള്‍ സൈന്യം പുറത്ത് വിടുന്നില്ല. നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്ക് സൈന്യത്തിന്റെ നടപടിക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പാക്ക് സൈനിക പോസ്റ്റുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

അതിര്‍ത്തിയോട് ചേര്‍ന്ന രജൗരി, പുഞ്ച് ജില്ലകളില്‍ പാക്ക് ഭാഗത്ത് നിന്നുള്ള ഷെല്ലാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ മറുപടി. ബി.എസ്.എഫ് ഇന്‍സ്‌പെക്ടറും അഞ്ചു വയസ്സുള്ള ബാലികയുമടക്കം മൂന്നു പേര്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

നിയന്ത്രണരേഖയോടു ചേര്‍ന്ന പാക്ക് അധീന കാശ്മീരിലെ രാഖ് ചിക്രി, റവാല കോട്ട് പ്രദേശത്തെ പാക് സൈനിക പോസ്റ്റുകളാണ് സൈന്യം തകര്‍ത്തത്. പാക്ക് ഭാഗത്ത് വന്‍ നാശനഷ്ടമുണ്ടായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അവരും തയ്യാറായിട്ടില്ല.

എന്നാല്‍ നിരവധി പാക്ക് സൈനിക ചെക്ക് പോസ്റ്റുകള്‍ ആക്രമിച്ച് തകര്‍ത്തതിനാല്‍ കൂടുതല്‍ പാക്ക് സൈനികര്‍ മരണപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാര്‍ഗില്‍ യുദ്ധ കാലത്ത് മരണപ്പെട്ട പാക്ക് സൈനികരുടെ മൃതദേഹം പോലും ഏറ്റുവാങ്ങാതിരുന്നവരാണ് പാക്കിസ്ഥാന്‍ സൈന്യം. ഇത്തരം സമീപനം പുലര്‍ത്തുന്ന ഒരു രാജ്യം കൊല്ലപ്പെട്ട സൈനികരുടെ യഥാര്‍ത്ഥ എണ്ണം പുറത്ത് വിടാതിരിക്കുന്നതും സ്വാഭാവികമാണ്.

പുല്‍വാമയിലെ ഭീകര ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ട് തീവ്രവാദ ക്യാംപുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തപ്പോഴും ആളപായം ഇല്ലന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പിന്നിട് തെളിവുകള്‍ പുറത്ത് വന്നതോടെ പാക്കിസ്ഥാന്റെ ഈ വാദവും പൊളിഞ്ഞു.വിദേശ മാധ്യമ പ്രവര്‍ത്തകരെ ബാലക്കോട്ടേക്ക് സ്വാഗതം ചെയ്ത പാക്കിസ്ഥാന്‍ പിന്നിട് റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക്ക് വിമാനങ്ങളെ തുരത്തുന്നതിനിടെ പിടിയിലായ ഇന്ത്യന്‍ വൈമാനികനെ വിട്ടു നല്‍കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചതും തിരിച്ചടി ഭയന്നാണ്. ഇന്ത്യന്‍ കര - നാവിക - വ്യോമസേന തലവന്‍മാരുടെ പത്ര സമ്മേളനത്തിനു തൊട്ടു മുന്‍പാണ് വൈമാനികനെ നിരുപാധികം വിട്ടയക്കാനുള്ള തീരുമാനം പാക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

ഇതിനു ശേഷവും അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് പാക്കിസ്ഥാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്. വന്‍ സേനാ വിന്യാസമാണ് അതിര്‍ത്തിയില്‍ ഇന്ത്യ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സാഹചര്യം ഒന്നും കണക്കിലെടുക്കാതെ ശക്തമായി നേരിടാനാണ് സേനക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

പാക്ക് അധീന കാശ്മീരിലെ ചില ഭാഗങ്ങളി ഇന്ത്യന്‍ സേന മുന്നേറ്റം നടത്തിയതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ സൈനിക നേതൃത്വം ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഇന്ത്യന്‍ പ്രതിരോധത്തിന് ശക്തി പകരുന്ന അമേരിക്കയുടെ പുതിയ തീരുമാനവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യക്ക് 24 മള്‍ട്ടിറോള്‍ എംഎച്ച്-60 റോമിയോ സീഹോക്ക് ഹെലികോപ്ടറുകള്‍ വില്‍ക്കാനുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് ട്രംപ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍വാഹനികളെ തകര്‍ക്കാന്‍ കഴിയുന്ന ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ പത്തുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.

ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടിയാണ് അമേരിക്കയില്‍ നിന്ന് 200 കോടി ഡോളര്‍ വില വരുന്ന 24 എംഎച്ച്60 റോമിയോ സീഹോക്ക് മുങ്ങിക്കപ്പല്‍ വേധ ഹെലികോപ്റ്ററുകള്‍ ഇന്ത്യ അടിയന്തരമായി വാങ്ങുന്നത്. 123 സീഹോക്ക് കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന വ്യവസ്ഥയിലാണ് ഇടപാടെന്നാണു സൂചന. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തമ്മില്‍ സിംഗപ്പൂരില്‍ ചര്‍ച്ച നടത്തിയിരുന്നു. ലോകത്തെ ഏറ്റവും ആധുനിക കോപ്റ്ററുകളിലൊന്നായ സീഹോക്ക് കോപ്റ്റര്‍ ഇന്ത്യ വാങ്ങുന്നത് ഇന്ത്യാ സമുദ്രത്തിലെ ചൈനയുടെ ഭീഷണി കൂടി കണക്കിലെടുത്താണ്.

അന്തര്‍വാഹിനികളെ വേട്ടയാടാനും യുദ്ധക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താനും കടലില്‍ തെരച്ചില്‍ നടത്താനും പാകത്തിനു രൂപകല്‍പന ചെയ്തതാണ് ലോക്കീദ് മാര്‍ട്ടിന്‍ നിര്‍മിത എംഎച്ച്-60 സീഹോക്ക് ഹെലികോപ്ടറുകള്‍. ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള ഏറെ പഴക്കം ചെന്ന ബ്രിട്ടീഷ് നിര്‍മിത സീകിങ് ഹെലികോപ്ടറുകള്‍ക്കു പകരമായി സീഹോക്ക് ഹെലികോപ്ടറുകള്‍ എത്തുന്നത് സേനയ്ക്കു വലിയ കരുത്താണ് പകരുക.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ ഇടപാട് സഹായിക്കുമെന്ന് അമേരിക്ക വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-പസഫിക്, ദക്ഷിണേഷ്യന്‍ മേഖലകളിലെ രാഷ്ട്രീയ സുസ്ഥിരതയ്ക്കും സമാധാനത്തിനും ഇടപാട് ഗുണകരമാകുമെന്നും അമേരിക്ക വ്യക്തമാക്കുന്നു. യുദ്ധക്കപ്പലില്‍നിന്നും വിമാനവാഹിനികളില്‍നിന്നും പറന്നുയരാന്‍ കഴിയുന്ന ഏറ്റവും കരുത്തുറ്റ സൈനിക ഹെലികോപ്ടറാണ് എംഎച്ച് 60 റോമിയോ സീഹോക്ക്. പാക്കിസ്ഥാനെ സംബന്ധിച്ചും ചങ്കിടിപ്പിക്കുന്നതാണ് ഈ അറ്റാക്ക് ഹെലികോപ്റ്ററിന്റെ വരവ്.

Top