പാക്കിസ്ഥാനെ വിലക്കാൻ ഐ.സി.സിക്ക് പറ്റില്ലെങ്കില്‍ പോയി പണി നോക്കാൻ പറയണം

പാക്കിസ്ഥാനെ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിലക്കണമെന്ന ആവശ്യം തള്ളിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിലപാട് പ്രധിഷേധാര്‍ഹമാണ്. ഈ സംഘടനയോട് പോയി പണി നോക്കാന്‍ പറയാനുള്ള ചങ്കൂറ്റമാണ് ഇന്ത്യ കാണിക്കേണ്ടത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണമെന്ന് പറയുന്നത് തന്നെ ശരിയായ നടപടിയല്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഐസിസിക്ക് സ്വീകാര്യമല്ലെങ്കില്‍ അവരുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ ഇന്ത്യക്കും ബാധ്യതയില്ല. കളിക്കളത്തില്‍ കളിച്ച് വീട്ടാനുള്ളതല്ല ഇന്ത്യക്ക് പാക്കിസ്ഥാനോടുള്ള കണക്ക്. അത് പലിശ സഹിതം തിരിച്ച് കൊടുക്കാനുള്ളതാണ്.

ഇന്ത്യയിലെ ധീര ജവാന്‍മാരുടെയും സാധാരണക്കാരുടെയും ശരീരങ്ങള്‍ പാക്ക് ഭീകരതയില്‍ ചിന്നി ചിതറിയത് മറന്ന് പാക്കിസ്ഥാനൊപ്പം ക്രിക്കറ്റ് കളിക്കുക എന്ന് പറഞ്ഞാല്‍ അത് ഒരു കാരണവശാലും ഇന്ത്യന്‍ ജനതയ്ക്ക് ഉള്‍ക്കൊളളാന്‍ കഴിയുന്നതല്ല.ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ നേരിടുമ്പോള്‍ റെക്കോഡ് കാണികളാകും കളി കാണാനുണ്ടാകുക. ഇതിലെ സാമ്പത്തിക നേട്ടമാണ് പാക്-ഇന്ത്യ മത്സരത്തിന് ഐസിസിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ ഈ സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശം ക്രിക്കറ്റ് പ്രേമികളില്‍ നിന്ന് തന്നെ ഉയര്‍ന്നു കഴിഞ്ഞു. ലോകകപ്പുകളില്‍ പാക്കിസ്ഥാനുമേല്‍ സമ്പൂര്‍ണ ആധിപത്യം ഇന്ത്യക്കുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് അടിയറവ് പറഞ്ഞിട്ടില്ല. ആ ചരിത്രം തല്‍ക്കാലം അങ്ങനെ തന്നെ തുടരട്ടെ .

പാക്കിസ്ഥാന്‍ തുടക്കമിട്ട സംഘര്‍ഷം ക്രിക്കറ്റിലൂടെ ലഘൂകരിക്കാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തിരിച്ചറിയണം. രാജ്യവും ജനങ്ങളുമാണ് ഇന്ത്യക്ക് പ്രധാനം അല്ലാതെ കളിയല്ല. കളിക്കളത്തില്‍ മറ്റ് താല്‍പര്യങ്ങള്‍ കൊണ്ടുവരരുതെന്ന വാദം തന്നെ പ്രകോപനപരമാണ്. മെയ് 30 നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 16 നാണ് ഇന്ത്യ പാക് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 133 കോടി ജനതയുടെ മനസ്സില്‍ എരിയുന്ന കനലില്‍ ചവിട്ടി പന്തെറിയുവാന്‍ ഏത് കളിക്കാരനാണ് തയ്യാറാകുക ? കളിക്കളത്തില്‍ ജയം ആര്‍ക്കായാലും അത് ഭാഗ്യത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും. ബന്ദിയാക്കിയ വൈമാനികനെ വിട്ടുതരാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ പോലും അത് നേട്ടമായി ചിത്രീകരിച്ച രാജ്യം, കളിയും അനുകൂലമായാല്‍ ഇന്ത്യക്കെതിരായ വിജയമായാണ് ആഘോഷിക്കുക. പാക്കിസ്ഥാനെ സൈനികമായാണ് ജയിക്കേണ്ടത്, അല്ലാതെ പന്ത് എറിഞ്ഞല്ല.

രാജ്യത്തിനു വേണ്ടി പിടഞ്ഞ് വീണവരുടെ ആത്മാക്കളും ആഗ്രഹിക്കുക അത് തന്നെയാവും. ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തത് കൊണ്ടു മാത്രം ആയില്ല. എല്ലാ തലത്തിലും ഭീകരരേയും ആ ഭീകര രാജ്യത്തെയും ഒറ്റപ്പെടുത്തുക തന്നെ വേണം. പുല്‍വാമ യില്‍ 40 സിആര്‍പിഫ് ജവാന്‍മാരെ കൊന്ന ജെയ്ഷ മുഹമ്മദ് എന്ന ഭീകര സംഘടനയെ ന്യായീകരിച്ചാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്. എന്ത് തെളിവ് കിട്ടിയാലും പാക്കിസ്ഥാന്‍ മസൂദ് അസ്ഹറിനേയും ഈ തീവ്രവാദ സംഘടനയേയും സംരക്ഷിക്കുമെന്നതിന്റെ തെളിവാണിത്.

അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു കഴിഞ്ഞു. ചൈനക്ക് പോലും സഹായിക്കാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായി. സാമ്പത്തികമായും ആ രാജ്യം വളരെ തകര്‍ച്ചയിലാണ്. ഏറ്റവും ഒടുവില്‍ അറബ് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നു തന്നെ വിട്ടു നില്‍ക്കേണ്ട സാഹചര്യവും പാക്കിസ്ഥാന് ഉണ്ടായി. ഇന്ത്യക്ക് എതിരെ എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചതിന് അമേരിക്കയുടെ ഉപരോധത്തിന്റെ നിഴലിലുമാണ് ആ രാജ്യം.

ഭീകരരെ പാലൂട്ടി വളര്‍ത്തിയതിന് അനിവാര്യമായ തിരിച്ചടിയാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ലോക രാജ്യങ്ങള്‍ ഇന്ത്യയുടെ വികാരത്തിന് അനുകൂലമായ നിലപാട് ഐക്യരാഷ്ട്ര സഭയില്‍ പോലും സ്വീകരിച്ച സാഹചര്യവും നാം മറന്ന് പോകരുത്. ഈ ഘട്ടത്തില്‍ പാക്കിസ്ഥാനുമായി ഇന്ത്യന്‍ ടീം ക്രിക്കറ്റ് കളിക്ക് ഇറങ്ങുന്നത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വിദ്വേഷം കുറക്കാന്‍ പാക്കിസ്ഥാന്‍ ഉപയോഗപ്പെടുത്തും. ഇന്ത്യന്‍ ജനതയുടെ മനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല അത്. ഇക്കാര്യത്തില്‍ വിവേകപൂര്‍ണമായ നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.

Top