താലിബാന്‍ ‘പുതിയ യാഥാര്‍ത്ഥ്യം’ ; അഫ്ഗാന് മാനുഷിക സഹായമെത്തിക്കാൻ ഇന്ത്യ

മോസ്‌കോ/ ന്യൂഡല്‍ഹി: അഫ്ഗാനിസ്താനു മാനുഷിക സഹായം നല്‍കുന്നതിനുള്ള സന്നദ്ധത അറിയിച്ച് ഇന്ത്യ. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ താലിബാന്‍- ഇന്ത്യന്‍ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ന്യൂഡല്‍ഹി അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നല്‍കുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. അഫ്ഗാനിസ്താനില്‍ അധികാരത്തിലിരിക്കുന്ന താലിബാന്‍ എന്ന ‘പുതിയ യാഥാര്‍ത്ഥ്യം’ അംഗീകരിച്ചുകൊണ്ട് 10 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യ ചേരുകയും ചെയ്തു.

ഇന്ത്യന്‍ പ്രതിനിധി സംഘം താലിബാന്‍ ഉപ പ്രധാനമന്ത്രി അബ്ദുസ്സലാം ഹനാഫിയുമായി കൂടിക്കാഴ്ച നടത്തുകയും കാബൂളിലെ താലിബാന്‍ ഭരണകൂടത്തിന് മാനുഷിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.വിദേശകാര്യമന്ത്രാലയത്തിലെ പാക്-അഫ്ഗാന്‍-ഇറാന്‍ ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി ജെ പി സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം താലിബാനുമായി ചര്‍ച്ച നടത്തിയത് താലിബാന്‍ ഡെപ്യൂട്ടി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയും വക്താവുമായ സബീഹുല്ല മുജാഹിദിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് റിപോര്‍ട്ട് ചെയ്തത്.

ചര്‍ച്ച നടത്തിയത് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൂടിക്കാഴ്ച നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ വ്യക്തമാക്കി. അഫ്ഗാനിലേക്ക് ഗോതമ്ബും മറ്റു സഹായങ്ങളും നല്‍കാന്‍ ഇന്ത്യ ആലോചിക്കുന്നതായും ‘ദ ഹിന്ദു’ റിപോര്‍ട്ട് ചെയ്യുന്നു.പരസ്പരമുള്ള ആശങ്കകള്‍ കണക്കിലെടുത്ത് നയതന്ത്ര-സാമ്ബത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു ഇരു വിഭാഗവും കരുതുന്നു. അഫ്ഗാനികള്‍ക്ക് വിശാലമായ മാനുഷിക സഹായം നല്‍കാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചതായും മുജാഹിദ് ട്വീറ്റുകളില്‍ അറിയിച്ചു. ആഗസ്ത് 15ന് കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് ഇന്ത്യ അഫ്ഗാനിസ്താന് സഹായം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

എല്ലാവരെയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കണമെന്നും തങ്ങളുടെ പ്രദേശം മറ്റ് രാജ്യങ്ങളുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതിന് സായുധസംഘടനകള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അന്തര്‍ദേശീയ മയക്കുമരുന്ന് റൂട്ടുകള്‍ തടയുകയും അയല്‍ രാജ്യങ്ങളുമായി ‘സൗഹൃദ ബന്ധം’ പിന്തുടരുന്നതിനും താലിബാനോട് ആവശ്യപ്പെടുന്ന സംയുക്ത പ്രസ്താവനയിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യയെ കൂടാതെ ചൈന, ഇറാന്‍, റഷ്യ, പാകിസ്താന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍, കസാഖിസ്താന്‍, ഉസ്ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

 

 

 

Top