യമനിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമം; നിര്‍ണ്ണായകമായത് ഇന്ത്യയുടെ നീക്കം

ന്യൂയോർക്ക്: യമനിലെ ആഭ്യന്തര കലാപങ്ങളടങ്ങിയതിൽ ആശ്വാസവുമായി ഐക്യരാഷ്ട്രസഭ.യമനെതിരെ സൗദി അറേബ്യ സ്വീകരിച്ച പ്രതിരോധ നടപടികൾ പിൻവലിച്ചതും രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ നിന്നതിനേയും ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചു. സമഗ്രമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പാണ് യമനിൽ വേണ്ടതെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.

ഇന്ത്യ സുരക്ഷാ കൗൺസിലിൽ മുന്നോട്ട് വെച്ച ആശയങ്ങളാണ് യമനിലെ അന്തരീക്ഷം സാധാരണ നിലയിലേക്ക് എത്താനും സൗദി അറേബ്യ നിലപാട് മാറ്റാനും കാരണമായത്. സുരക്ഷാ സമിതി അംഗമായ ശേഷം ഏഷ്യൻ മേഖലയിലെ ഭീകരസംഘടനകളെ ദുർബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ നിരന്തരം ഇടപെട്ടത്.

യമനിലെ അൽഖ്വയ്ദ ഭീകരരുടെ സാന്നിദ്ധ്യം ദുർബലമാക്കാൻ അറബ് രാജ്യങ്ങളെ ഒരുമിപ്പിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. യമനിലെ പൊതുജീവിതത്തെ സാധാരണ നിലയിലാക്കാൻ സഹായിക്കണമെന്ന ഇന്ത്യയുടെ നയതന്ത്രമാണ് സൗദി അറേബ്യയെ കടുത്ത നടപടിയിൽ നിന്നും പിന്തിരിപ്പിച്ചത്. രാഷ്ട്രീയ അസ്ഥിരതയാണ് അൽഖ്വയ്ദ ഉപയോഗപ്പെടുത്തുന്നതെന്നും അയൽരാജ്യങ്ങൾ യമനിലെ സാധാരണക്കാരന്റെ സമാധാനം പുന:സ്ഥാപിക്കാനായിട്ടാണ് യുദ്ധം ചെയ്യേണ്ടതെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി സഭയ്ക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നു.

യമനിലെ പൊതു രാഷ്ട്രീയ അന്തരീക്ഷം സാധാരണ നിലയിലാക്കാൻ സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും ഐക്യരാഷ്ട്രസഭ ചുമതലപ്പെടുത്തിയ മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു. പ്രഥമ ഘട്ടത്തിൽ എല്ലാ ആഭ്യന്തര പാർട്ടികളും ഭീകര സംഘടനകളും വെടിനിർത്തുകയാണ് വേണ്ടത്. ഒപ്പം യമനിലെ രാഷ്ട്രീയ നേതൃത്വം അവരുടേതായ തനത് രീതിയിൽ ജനങ്ങളിലെ തെറ്റിദ്ധാരണ നീക്കണമെന്നും ഗ്രിഫിത്ത് ആവശ്യപ്പെട്ടു.

Top