മൂന്നാം ട്വന്റി20: അഫ്ഗാനെതിരെ ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്, സഞ്ജു ടീമിൽ

ബെംഗളൂരു : അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളോടെയാണ് അവസാന ട്വന്റി20 മത്സരത്തിൽ ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഇന്ന് ജിതേഷ് ശർമയ്ക്കു പകരം വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങും. സഞ്ജുവിനു പുറമേ ആവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവരും പ്ലയിങ് ഇലവനിൽ ഇടം നേടി. അക്സർ പട്ടേൽ, അർഷ്ദീപ് എന്നിവർ പുറത്തിരിക്കും.

ഇന്ന് ബെംഗളൂരുവിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ഒറ്റ പ്രാർഥനയേ ഉള്ളൂ– ക്യാപ്റ്റൻ രോഹിത് ശർമ ഫോമിൽ തിരിച്ചെത്തണം! ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും രണ്ടു മത്സരത്തിലും രോഹിത് പൂജ്യത്തിന് പുറത്തായത് ഇന്ത്യയ്ക്ക് സങ്കടമായി.

ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സ്വന്തം ആത്മവിശ്വാസത്തോടൊപ്പം ടീമിന്റെ ആത്മവിശ്വാസവും തിരിച്ചുപിടിക്കാൻ രോഹിത്തിന് ഇന്ന് റൺസ് കണ്ടെത്തിയേ മതിയാകൂ. മറുവശത്ത് പരമ്പരയിലെ സമ്പൂർണപരാജയം ഒഴിവാക്കി, ആശ്വാസ ജയവുമായി മടങ്ങാനുറപ്പിച്ചാകും അഫ്ഗാൻ സംഘം ഇറങ്ങുക.

Top