ന്യൂസിലന്റ് എക്കെതിരെ ഇന്ത്യ പരമ്പര നേടി

ഓപ്പണർ പൃഥ്വി ഷായും നായകൻ സഞ്ജു സാംസണും മുന്നിൽ നിന്നു നയിച്ചപ്പോൾ ന്യൂസിലന്റ് എ ക്കെതിരെ ഇന്ത്യ എക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം വെറും 34 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വെറും 48 പന്തിൽ 77 റൺസുമായി പൃഥ്വിഷാ തകർത്തടിച്ചപ്പോൾ 35 പന്തിൽ 37 റൺസുമായി ക്യാപ്റ്റൻ സഞ്ജു ഇന്ത്യൻ ജയത്തിൽ നിർണ്ണായക പങ്കുവച്ചു. ഹാട്രിക്കടക്കം നാലു വിക്കറ്റുമായി തിളങ്ങിയ കുൽദീപ് യാദവാണ് ന്യൂസിലന്റ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റിനായി 72 റൺസെടുത്ത ജോ കാർട്ടറും 61 റൺസെടുത്ത രചിൻ രവീന്ദ്രയുമാണ് തിളങ്ങിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ ന്യൂസിലന്റ് ബാറ്റർമാർ കൂടാരം കയറിക്കൊണ്ടേയിരുന്നു. 47ാം ഓവറിലായിരുന്നു കുൽദീപിന്റെ ഹാട്രിക്ക്. വാൻ ബീക്ക്, വോക്കർ, ഡഫ്ഫി എന്നിവരെയാണ് കുൽദീപ് തുടർച്ചയായ പന്തുകളിൽ കൂടാരം കയറ്റിയത്. റിഷി ധവാൻ രാഹുൽ ചഹാർ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഉമ്രാൻ മാലിക് രജൻ ഗാഡ് ബാവ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

48 പന്തില്‍ 11 ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു പൃഥ്വിഷായുടെ ഇന്നിങ്സ്. 30 റണ്‍സുമായി ഋതുരാജ് ഗെയ്ക് വാദ് ഓപ്പണിങ്ങില്‍ പൃഥ്വിഷാക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. ആദ്യ ഏകദിനത്തിലെ മികവ് തുടര്‍ന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും 35 പന്തില്‍ 37 റണ്‍സെടുത്ത് നില്‍ക്കേ വാന്‍ ബീക്കിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. പരമ്പരയിലെ അവസാന മത്സരം മറ്റന്നാള്‍ നടക്കും.

Top