വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം

ബ്രിജ്‍ടൗൺ : വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. വിജയലക്ഷ്യമായ 115 റൺസ് ഇന്ത്യ 22.5 ഓവറിൽ അടിച്ചെടുത്തു. ഓപ്പണർ ഇഷാൻ കിഷൻ (52) അർധ സെഞ്ചറി നേടി. ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് (12*) ഇന്ത്യയുടെ വിജയ റൺ കുറിച്ചത്. മൂന്ന് ഓവറിൽ ആറ് റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് കളിയിലെ താരം. സ്കോർ: വെസ്റ്റിൻഡീസ് 24 ഓവറിൽ 114ന് പുറത്ത്, ഇന്ത്യ 22.5 ഓവറിൽ 5ന് 118.

ശുഭ്മൻ ഗിൽ 7 (16), സൂര്യകുമാർ യാദവ് 19 (25), ഹാർദിക് പാണ്ഡ്യ 5 (7), രവീന്ദ്ര ജഡേജ 16* (21), ഷാർദുൽ ഠാക്കൂർ 1 (4) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോർ. സൂപ്പര്‍ താരം വിരാട് കോലി ബാറ്റിങ്ങിനിറങ്ങിയില്ല. വിൻഡീസിനായി ഗുദാകേശ് മോത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും.

ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 23 ഓവറിൽ വെറും 114 റൺസിനു പുറത്തായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജ‍ഡേജ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, ഷാർദുൽ ഠാക്കൂർ, അരങ്ങേറ്റക്കാരൻ മുകേഷ് കുമാർ എന്നിവരാണ് വിൻഡീസ് ബാറ്റിങ് നിരയെ തകർത്തത്.

മൂന്നാം ഓവറിൽ ഓപ്പണർ കൈൽ മയേഴ്സിന്റെ (9 പന്തിൽ 2) വിക്കറ്റ് വീഴ്ത്തി ഹാർദിക് പാണ്ഡ്യയയാണ് വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു വിൻഡീസ്. നാലാമനായി ഇറങ്ങിയ ഷായ് ഹോപ്പിന്റെ (45 പന്തിൽ 43) പ്രതിരോധമാണ് വിൻഡീസ് സ്കോർ നൂറു കടത്തിയത്. ഹോപ് ഉൾപ്പെടെ നാലു പേർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.

ബ്രാണ്ടൻ കിങ് (23 പന്തിൽ 17) അലിക് അത്താനസ് (18 പന്തിൽ 22), ഷിമ്രോൺ ഹെറ്റ്മെയർ (19 പന്തിൽ 11), റൂവ്മൻ പവൽ (4 പന്തിൽ 4), റൊമാരിയോ ഷെഫേർഡ് (പൂജ്യം), യാന്നിക് കാരിയ (9 പന്തിൽ 3), ഡൊമിനിക് ഡ്രേക്സ് (5 പന്തിൽ 3), ജയ്ഡെൻ സീൽസ് (പൂജ്യം), ഗുദാകേശ് മോത്തി (0*) എന്നിങ്ങനെയാണ് മറ്റു വിൻഡീസ് ബാറ്റർമാരുടെ സ്കോറുകൾ.

നാലു‍ മാസം നീണ്ട ഇടവേളയ്ക്കുശേഷമാണ് രാജ്യാന്തര ഏകദിനത്തിന് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യയ്ക്കായി മുകേഷ് കുമാർ ഏകദിന അരങ്ങേറ്റം കുറിച്ചു. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മുകേഷ് കുമാർ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു.

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ

വെസ്റ്റിൻഡ‍ീസ്: ബ്രാണ്ടൻ കിങ്, കൈൽ മയേഴ്സ്, അലിക് അത്താനസ്, ഷായ് ഹോപ്പ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മെയർ, റൂവ്മൻ പവൽ, റൊമാരിയോ ഷെഫേർഡ്, യാന്നിക് കാരിയ, ഡൊമിനിക് ഡ്രേക്സ്, ജയ്ഡെൻ സീൽസ്, ഗുദാകേശ് മോത്തി.

Top