അണ്ടര്‍- 23 ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ വെള്ളിയിലൊതുങ്ങി

റങ്കൂണ്‍: അണ്ടര്‍- 23 ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേട്ടവുമായി ഇന്ത്യ. ഫൈനലില്‍ ചൈനീസ് തായ്‌പേയ് ഇന്ത്യയെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്വര്‍ണം നഷ്ടമായത്. ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് ഇന്ത്യയുടെ തോല്‍വി. 25-21, 25-20, 19-25, 25-23 എന്നിങ്ങനെയാണ് സ്‌കോര്‍ നില.

കലാശപോരിലെ ആദ്യ രണ്ടു സെറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. എന്നാല്‍ മൂന്നാം സെറ്റ് ഇന്ത്യ അനായാസം സ്വന്തമാക്കിയിരുന്നു. ഇതോടെ നിര്‍ണായകമായ നാലാം സെറ്റില്‍ ഇന്ത്യ പൊരുതിയെങ്കിലും കിരീടം നഷ്ടമാകുകയായിരുന്നു.

തമിഴ്‌നാട് സ്വദേശിയായ മുത്തുസ്വാമി മികച്ച സെറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന് വേണ്ടിയാണ് മുത്തുസ്വാമി കളിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തുന്നത്. സെമിയില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയിരുന്നത്.

Top