19-ാം ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലും, ഷൂട്ടിങ്ങിലും വെള്ളിയില്‍ തിളങ്ങി ഇന്ത്യ

19-ാം ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. തുഴച്ചിലില്‍ അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ് എന്നിവര്‍ വെളളി നേടി. വനിതകളുടെ ഷൂട്ടിങ്ങിലാണ് രണ്ടാം മെഡല്‍ നേട്ടം. 10 മീറ്റര്‍ റൈഫിളില്‍ മെഹുലി ഘോഷ് സഖ്യം വെള്ളി മെഡല്‍ നേടി. രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരാണ് സഖ്യത്തിലുള്ളത്. ഈ വിഭാഗത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. മംഗോളിയ വെങ്കലവും നേടി.

ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000-ത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇന്ത്യ ഇതില്‍ 39 ഇങ്ങളിലാണ് മത്സരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകള്‍ നേടിയിരുന്നു.

45 രാജ്യങ്ങളില്‍ നിന്നായി 12417 കായിക താരങ്ങളാണ് ഇത്തവണ ഗെയിംസില്‍ മത്സരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡാണിത്. 56 വേദികളായി 481 മെഡല്‍ ഇനങ്ങളുണ്ട്. നാലു വര്‍ഷത്തിനുശേഷം ഉത്തര കൊറിയ രാജ്യാന്തര മത്സരവേദിയിലേക്കു തിരിച്ചെത്തുന്നുവെന്നതും ഈ ഗെയിംസിന്റെ പ്രത്യേകതയാണ്.

655 കായിക താരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ജക്കാര്‍ത്തയില്‍ 8 സ്വര്‍ണമടക്കം 20 മെഡലുകള്‍ നേടിത്തന്ന അത്ലറ്റിക്‌സിലാണ് ഇത്തവണയും പ്രധാന പ്രതീക്ഷ. 68 താരങ്ങളാണ് അത്ലറ്റിക്‌സ് സംഘത്തിലുള്ളത്. ഗുസ്തി, ഷൂട്ടിങ്, ബോക്‌സിങ് എന്നിവയാണ് ഇന്ത്യ കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്ന മറ്റിനങ്ങള്‍.

Top