ധോണിയും ഭുവനേശ്വറും തുഴഞ്ഞു, ഇന്ത്യ കരകേറി; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിലും ജയം

കാന്‍ഡി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യക്ക് ജയം.

തോല്‍വിയിലേക്ക് നീങ്ങിയ ഇന്ത്യയെ എട്ടാം വിക്കറ്റില്‍ എം.എസ് ധോണിയും (68 പന്തില്‍ 45) ഭുവനേശ്വര്‍ കുമാറും (80 പന്തില്‍ 53) ചേര്‍ന്ന കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.

മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയ ലക്ഷ്യം 44 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

54 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ധനഞ്ജയയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത്.

ഇന്ത്യന്‍ നിരയില്‍ ഓപണര്‍മാരായ രോഹിത് ശര്‍മയും (54) ശിഖാര്‍ ധവാനും (49) മികച്ച ബാറ്റിങ് പുറത്തെടുത്തു.

വിക്കറ്റ് നഷ്ടമാവാതെ 109 എന്ന നിലയില്‍നിന്നാണ് ഇന്ത്യ ഏഴിന് 131-ലേക്ക് കൂപ്പുകുത്തിയത്.

രാഹുല്‍ (നാല്), ജാദവ് (ഒന്ന്), കോഹ്‌ലി (നാല്), പാണ്ഡ്യ (പൂജ്യം), അക്‌സര്‍ പട്ടേല്‍ (ആറ്) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തെങ്കിലും മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയുടെ ലക്ഷ്യം 231 ആയി പുനര്‍നിര്‍ണയിക്കുകയായിരുന്നു.

43 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജാസ്പ്രീത് ബൂംറയാണ് ലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

Top