ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 10 വിക്കറ്റ് ജയം. ശ്രീലങ്ക മുന്നോട്ടുവച്ച 174 റൺസ് വിജയലക്ഷ്യം 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. സ്മൃതി മന്ദന (94), ഷഫാലി വർമ (71) എന്നിവർ പുറത്താവാതെ മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന്റെ ലീഡ് നേടി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. ന്യൂ ബോളിൽ രേണുക സിംഗ് തിളങ്ങിയപ്പോൾ ഹാസിമി പെരേര (0), വിഷ്മി ഗുണരത്നെ (3), ഹർഷിത മാധവി (0) എന്നിവർ വേഗം മടങ്ങി. മൂന്ന് വിക്കറ്റും രേണുകയാണ് വീഴ്ത്തിയത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവും (27) അനുഷ്ക സഞ്ജീവനിയും (25) ചേർന്ന് ശ്രീലങ്കയെ കരകയറ്റാൻ ശ്രമിച്ചു. അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ നിലക്ഷി ഡിസിൽവയും (32) മികച്ച രീതിയിൽ ബാറ്റ് വീശി. ഈ കൂട്ടുകെട്ടും നിന്നില്ല. നിലക്ഷിയ്ക്കൊപ്പം ചേർന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ച അനുഷ്കയെ യസ്തിക ഭാട്ടിയ റണ്ണൗട്ടാക്കി. കവിഷ ദിൽഹരി (5) വേഗം മടങ്ങി. താരം റണ്ണൗട്ടാവുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിൽ പതറിയ ശ്രീലങ്കയെ പിന്നീട് അമ കാഞ്ചനയനാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇതിനിടെ നിലക്ഷി ഡിസിൽവ (32) മേഘ്ന സിംഗിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ഒരറ്റം കാത്ത കാഞ്ചന 47 റൺസെടുത്ത് പുറത്താവാതെ നിന്നു. ഒഷേഡി രണസിംഗെയെ (10) മടക്കിയ രേണുക സിംഗ് 4 വിക്കറ്റ് നേട്ടത്തിലെത്തി. ഇനോക രണവീര (6), അചിനി കുലസൂരിയ (0) എന്നിവരെ പുറത്താക്കിയ ദീപ്തി ശർമ ലങ്കൻ ഇന്നിംഗ്സിനു തിരശീലയിട്ടു.

മറുപടി ബാറ്റിംഗിൽ ഇന്ത്യ പൂർണ ആധിപത്യം പുലർത്തി. 56 പന്തുകളിൽ മന്ദന ഫിഫ്റ്റി നേടിയപ്പോൾ ഷഫാലി 57 പന്തുകളിൽ അർധസെഞ്ചുറിയിലെത്തി. ഫിഫ്റ്റിക്ക് പിന്നാലെ നാലുപാടും അടിച്ചുതകർത്ത മന്ദന ഇന്ത്യൻ വിജയം നേരത്തെ ആക്കുകയായിരുന്നു.

Top