ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; അജിങ്ക്യ രഹാനെ മാന്‍ ഓഫ് ദ മാച്ച്

നോര്‍ത്ത് സൗണ്ട് (ആന്റ്വിഗ): വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 318 റണ്‍സിന് ജയം. 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 100 റണ്‍സിനാണ് ഇന്ത്യന്‍ പേസര്‍മാര്‍ ഒതുക്കിയത്. ഇതോടെ ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 60 പോയിന്റ് നേടാനും ഇന്ത്യക്കു സാധിച്ചു.

ടീമിനു വേണ്ടി ജസ്പ്രീത് ബുംറ അഞ്ചും ഇഷാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റു വീതമാണ് വീഴ്ത്തിയത്. സ്‌കോര്‍: ഇന്ത്യ 297, 343/7 ഡിക്ലയേര്‍ഡ്. വിന്‍ഡീസ് 222, 100. സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി കളംനിറഞ്ഞ അജിങ്ക്യ രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനത്തില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിക്കാന്‍ എത്തിയത്. 51 റണ്‍സുമായി വിരാട് കോഹ്‌ലിയും 53 റണ്‍സുമായി രഹാനെയുമായിരുന്നു ക്രീസില്‍. എന്നാല്‍, നാലാം ദിനത്തിന്റെ തുടക്കത്തില്‍തന്നെ കോഹ്ലിയെ റോസ്ടണ്‍ ചേസ് മടക്കി. നാലാം വിക്കറ്റില്‍ കോഹ്ലിയും രഹാനെയും 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് തീര്‍ത്തത്.

രഹാനെയുടെ സെഞ്ചുറിയുടെയും ഹനുമ വിഹാരിയുടെ അര്‍ധസെഞ്ചുറിയുമാണ് ടീമിനെ കരയ്ക്കടുപ്പിച്ചത്. 235 പന്തില്‍നിന്ന് അഞ്ചു ബൗണ്ടറികള്‍ മാത്രം അടിച്ചാണു രഹാനെയുടെ സെഞ്ചുറി. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പത്താമത്തേതും രണ്ടു വര്‍ഷത്തിനിടെ ആദ്യത്തെയും സെഞ്ചുറിയാണിത്. ഒന്നാം ഇന്നിംഗ്‌സില്‍ രഹാനെ അര്‍ധസെഞ്ചുറി (81) നേടിയിരുന്നു.

Top