ഓസ്ട്രേലിയയ്ക്കെതിരെ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ലീഡ്

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച ലീഡ്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ വനിതകള്‍ 406 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ 187 റണ്‍സിന്റെ മികച്ച ലീഡ് ഉയര്‍ത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ഏഴിന് 376 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് 30 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ദീപ്തി ശര്‍മ്മ 78 റണ്‍സെടുത്തും പൂജ വസ്‌ത്രേക്കര്‍ 47 റണ്‍സെടുത്തും പുറത്തായി. ആഷ്ലീ ഗാര്‍ഡ്നര്‍ നാല് വിക്കറ്റെടുത്തു.

രണ്ടാം ദിനം 74 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെയും 52 റണ്‍സെടുത്ത റിച്ച ഘോഷിന്റെയും 73 റണ്‍സെടുത്ത ജമീമ റോഡ്രിഗ്‌സും തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ ഇന്ത്യയെ മുന്നോട്ടു നയിച്ചു. പക്ഷേ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ റണ്‍സെടുക്കാതെയും ഒരു റണ്‍സെടുത്ത് യാസ്തിക ഭാട്ടിയയും വേഗത്തില്‍ വിക്കറ്റ് നഷ്ടമാക്കി. മത്സരം അവസാനിക്കുമ്പോള്‍ ദീപ്തി ശര്‍മ്മ 70 റണ്‍സോടെയും പൂജ 33 റണ്‍സുമായും ക്രീസില്‍ ഉണ്ടായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ വെറും 219 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. നാല് വിക്കറ്റെടുത്ത പൂജ വസ്‌ത്രേക്കറും മൂന്ന് വിക്കറ്റെടുത്ത സ്‌നേഹ് റാണയും ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞു. ദീപ്തി ശര്‍മ്മ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ ദിനം ഇന്ത്യയുടെ മറുപടി ഒന്നിന് 98 റണ്‍സായിരുന്നു. 40 റണ്‍സെടുത്ത ഷഫാലി വര്‍മ്മയുടെ വിക്കറ്റാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്.

Top