നവി മുംബൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് റെക്കോര്‍ഡ് വിജയം

മുംബൈ: നവി മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വനിതള്‍ക്കെതിരെ ഇന്ത്യന്‍ വനിതാ ടീമിന് റെക്കോര്‍ഡ് ജയം. 347 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്ത ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റില്‍ എക്കാലത്തെയും വലിയ വിജയം സ്വന്തമാക്കി. 478 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ 131 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ എക്കാലത്തെയും വലിയ വിജയം സ്വന്തമാക്കിയത്. നാലു വിക്കറ്റെടുത്ത ദീപ്തി ശര്‍മയും മൂന്ന് വിക്കറ്റെടുത്ത പൂജ വസ്ട്രാക്കറും രണ്ട് വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്‌വാദും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. സ്കോര്‍ ഇന്ത്യ 428, 186-6, ഇംഗ്ലണ്ട് 136, 131.

ആദ്യ ഇന്നിംഗ്സില്‍ 292 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ അതിവേഗം റണ്‍സടിച്ചു കൂട്ടാനാണ് ശ്രമിച്ചത്. 33 റണ്‍സെടുത്ത ഷഫാലി വര്‍മയും 26 റണ്‍സെടുത്ത സ്മ-തി മന്ദാനയും 27 റണ്‍സെടുത്ത ജെമീമ റോഡ്രിഗസും 44 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് ഇന്ത്യയെ 42 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സിലെത്തിച്ചതോടെ ഇംഗ്ലണ്ട് വിജയലക്ഷ്യം 479 റണ്‍സായി.

സ്പിന്‍ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പാടുപെട്ടപ്പോള്‍ ഇന്ത്യന്‍ വിജയം അനായാസമായി. ഇംഗ്ലണ്ട് നിരയില്‍ സോഫിയ ഡങ്ക്‌ലി(15), ടാമി ബേമൗണ്ട്(17), ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ്(21), ഡാനിയേല വ്യാറ്റഅ(12), സോഫി എക്ലിസ്റ്റോണ്‍(10), ഷാര്‍ലറ്റ് ഡീന്‍(20)സ കേറ്റ് ക്രോസ്(16) എന്നിവരാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത ദീപ്തി ശര്‍മ രണ്ടാം ഇന്നിംഗ്സില്‍ 32 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൂജ വസ്ട്രാക്കര്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. 89 റണ്‍സും ഒമ്പത് വിക്കറ്റും വീഴ്ത്തിയ ദീപ്തി ശര്‍മയാണ് കളിയിലെ താരം.

Top