ഇസ്രായേലുമായുള്ള കരാറില്‍ നിന്ന് പിന്മാറി ഇന്ത്യ;ടാങ്ക് വേധ മിസൈല്‍ ഡി.ആര്‍.ഡി.ഒ നിര്‍മ്മിച്ചു നല്‍കും

ന്യൂഡല്‍ഹി: ഇസ്രായേലുമായുള്ള കരാര്‍ ഉപേക്ഷിച്ച് ഇന്ത്യ. ഇസ്രായേലില്‍ നിന്ന് 500 മില്യണ്‍ ഡോളറിന്റെ ടാങ്ക് വേധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറിയത്. ടാങ്ക് വേധ മിസൈല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചുനല്‍കാമെന്ന ഡി.ആര്‍.ഡി.ഒ. ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് ഇന്ത്യ ഇസ്രായേലുമായുള്ള കരാര്‍ ഉപേക്ഷിച്ചത്.

ഇസ്രായേലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന കമ്പനിയുമായാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ഇസ്രായേല്‍ 500 മില്യണ്‍ ഡോളറിന് നല്‍കാമെന്ന് പറഞ്ഞ ടാങ്ക് വേധ മിസൈല്‍ ഇതിലും
കുറഞ്ഞ വിലയില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് ഡി.ആര്‍.ഡി.ഒ. അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ കരാറിന്‍ നിന്ന് പിന്‍ന്മാറിയത്. കരാര്‍ ഉപേക്ഷിച്ച വിവരം ഇന്ത്യ ഇസ്രായേലിനെ അറിയിച്ചെന്നും വി.ഇ.എം. ടെക്നോളജീസുമായി ചേര്‍ന്നാണ് ഡി.ആര്‍.ഡി.ഒ. ടാങ്ക് വേധ മിസൈലുകള്‍ വികസിപ്പിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍(എം.പി.എ.ടി.ജി.എം.) വികസിപ്പിക്കാനുള്ള ഡി.ആര്‍.ഡി.ഒയുടെ ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. നിലവില്‍ ഇത്തരം മിസൈലുകളുടെ രണ്ടാംഘട്ടപരീക്ഷണം പൂര്‍ത്തിയായി. കഴിഞ്ഞ സെപ്റ്റംബറില്‍ അഹമ്മദ് നഗറില്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു.

എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡി.ആര്‍.ഡി.ഒയ്ക്ക് മിസൈലുകള്‍ നിര്‍മിച്ചു നല്‍കാനാകുമോ എന്നകാര്യത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും മെയ്ക്ക് ഇന്‍ ഇന്ത്യ ആശയം കണക്കിലെടുത്ത് ഡി.ആര്‍.ഡി.ഒയ്ക്ക് തന്നെ കരാര്‍ നല്‍കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. 2021-ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിച്ചുനല്‍കി സൈന്യത്തിന് കൈമാറുമെന്നാണ് ഡി.ആര്‍.ഡി.ഒയുടെ വാഗ്ദാനം.

Top