സമ്പൂര്‍ണ തോല്‍വിയുമായി ഇന്ത്യ, പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ദീപക് ചാഹര്‍ നടത്തിയ മികച്ച പോരാട്ടത്തിനും ടീം ഇന്ത്യയെ രക്ഷിക്കാനായില്ല. ബൗളിങ്ങിനിറങ്ങി രണ്ടു വിക്കറ്റും ബാറ്റിങ്ങിനിറങ്ങി പൊരുതി നേടിയ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ചാഹറിന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ലക്ഷ്യത്തിനരികെ എത്തിയിട്ടും ഇന്ത്യക്ക് കേപ്ടൗണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ നാലു റണ്‍സിന്റെ തോല്‍വി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 288 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.

ജയം ഇരുപക്ഷത്തേക്കും മാറിമറിഞ്ഞ പോരാട്ടത്തില്‍ എട്ടാം വിക്കറ്റില്‍ ജസ്പ്രീത് ബുംറ(12)യ്‌ക്കൊപ്പം ചാഹര്‍ കൂട്ടിച്ചേര്‍ത്ത 55 റണ്‍സാണ് ഇന്ത്യയെ ലക്ഷ്യത്തിന് അരികെയെങ്കിലും എത്തിച്ചത്. ഏഴിന് 223 എന്ന നിലയില്‍ ടീം പതറിയിടത്തു നിന്നാണ് ചാഹര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

എന്നാല്‍ ജയത്തിന് 10 റണ്‍സ് അകലെ 34 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 54 റണ്‍സ് നേടിയ ചാഹര്‍ വീണതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. തൊട്ടു പിന്നാലെ ബുംറയും അവസാന ഓവറില്‍ യൂസ്‌വേന്ദ്ര ചഹാലും(2) മടങ്ങിയതോടെ അനിവാര്യമായ തോല്‍വി ഇന്ത്യയെ തേടിയെത്തി.

നേരത്തെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെയും(61) മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും(65) മധ്യനിര താരം സര്യകുമാര്‍ യാദവിന്റെയും(39) പ്രകടനമാണ് എടുത്തുപറയാനുണ്ടായിരുന്നു. ധവാനും കോഹ്ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 98 റണ്‍സ്‌കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് മികച്ച അടിത്തറ നല്‍കിയതാണ്.

എന്നാല്‍ 73 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 61 റണ്‍സ് നേടിയ ധവാന്‍ വീണതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. ഏറെ വൈകാതെ 84 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 65 റണ്‍സ് നേടിയ കോഹ്ലിയും വീണു. പിന്നീട് സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും(26) ചേര്‍ന്ന് തിരിച്ചടിച്ചെങ്കിലും ഫലിച്ചില്ല.

32 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 39 റണ്‍സ് നേടിയ സൂര്യ പുറത്തായതോടെ പ്രതീക്ഷയറ്റ ഇന്ത്യക്ക് അവസാന ഓവറുകളില്‍ ചാഹറാണ് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ടീമിനെ വിജയവര കടത്താന്‍ ചാഹറിനുമായില്ല. ഇതോടെ മൂന്നു മത്സര പരമ്ബര ദക്ഷിണാഫ്രിക്ക തൂത്തുവാരി.

സമ്ബൂര്‍ണ തോല്‍വി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുല്‍ ടോസ് നേടി സന്ദര്‍ശകരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം റാസി വാന്‍ഡര്‍ ഡസന്റെയും മികച്ച ബാറ്റിങ്ങാണ് ആതിഥേയരെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. ഇവര്‍ക്കു പുറമേ ഡേവിഡ് മില്ലര്‍(39), ഡ്വെയ്ന്‍ പ്രിട്ടോറിയസ്(20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഇന്ത്യക്കു വേണ്ടി 9.5 ഓവറില്‍ 59 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ കൃഷ്ണയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ദീപക് ചാഹറും ജസ്പ്രീത് ബുംറയും മികച്ച പിന്തുണ നല്‍കി. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

തകര്‍ച്ചയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു നാലാം വിക്കറ്റില്‍ ഡി കോക്ക് വാന്‍ഡര്‍ ഡസന്‍ സഖ്യത്തിന്റെ മികച്ച പ്രകടനമാണ് തുണയായത്. ഇരുവരും ചേര്‍ന്ന് 144 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഡി കോക്ക് 130 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 124 റണ്‍സ് നേടിയപ്പോള്‍59 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതമായിരുന്നു ഡസന്റെ 52 റണ്‍സ്. മില്ലര്‍ 38 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 39 റണ്‍സ് നേടി.

Top