ഓസ്‌ട്രേലിയൻ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ; ഗാബയിലെ ചരിത്ര വിജയം മൂന്ന് വിക്കറ്റിന്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ പരമ്പര നേടി ഇന്ത്യ. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഈ അവിസ്മരണീയ വിജയം കൈവരിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 275/5. ഋഷഭ് പന്തിന്റെയും(85) വാഷിങ്ടണ്‍ സുന്ദറിന്റെയും(22) ബാറ്റിങ്ങാണ്‌ ഇന്ത്യയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിജയം സമ്മാനിച്ചത്. എങ്കിലും വിജയത്തിനു പത്ത് റണ്‍സ് അകലെ സുന്ദറിന്റെ വിക്കറ്റ് വീണത് ഇന്ത്യയെ ഭീതിയിലാഴ്ത്തിയിരുന്നു. ഏഴാമനായി ഇറങ്ങിയ ശാര്‍ദൂല്‍ താക്കൂര്‍(2) വിജയത്തിന് മൂന്ന് റണ്‍സ് അകലെ വീണതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. വിക്കറ്റ് പോവാതെ നവ്ദീപ് സെയ്‌നി വാലറ്റത്തിന്റെ മാനം കാത്തു.

4-0 എന്ന സ്‌കോറില്‍ അവസാന ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ നഷ്ടമായി. പാറ്റ് കമ്മിന്‍സാണ് രോഹിത്തിനെ പുറത്താക്കിയത്. ശേഷം ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം കരുതലോടെ മുന്നേറി. 146 പന്തുകളില്‍ നിന്നും എട്ട് ഫോറുകളും രണ്ട് സിക്‌സുകളുമടക്കം 91 റണ്‍സാണ് ഗില്‍ അക്കൗണ്ടിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി എന്ന ലക്ഷ്യത്തിന് വെറും 9 റണ്‍സ് മാത്രം അകലെ നില്‍ക്കെ നഥാന്‍ ലിയോണ്‍ ഗില്ലിനെ പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ യുവതാരത്തിന് സാധിച്ചു.

ഗില്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ അജിങ്ക്യ രഹാനെ മികച്ച തുടക്കം നൽകിയെങ്കിലും ഇന്നിംഗ്‌സ് നീണ്ടില്ല. 22 പന്തില്‍ 24 റണ്‍സ് നേടിയ ഇന്ത്യന്‍ നായകനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. എന്നാല്‍ ക്രീസിലെത്തിയ റിഷഭ് പന്ത്, പൂജാരയ്‌ക്കൊപ്പം ഇന്ത്യയെ മുന്നോട്ടു കുതിപ്പിച്ചു. പന്ത് 196 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ഇന്ത്യക്ക് 100 റണ്‍സ് വേണമെന്നിരിക്കേ പുത്തന്‍ പന്തെടുത്ത പാറ്റ് കമ്മിന്‍സ് രണ്ടാം പന്തില്‍ ബ്രേക്ക്‌ത്രൂ നല്‍കി. ചേതേശ്വര്‍ പൂജാര 211 പന്തില്‍ 56 റണ്‍സെടുത്തു പുറത്തായി. ഇതോടെ ഇന്ത്യ 228-4 എന്ന സ്‌കോറില്‍. അര്‍ധ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 74 പന്തുകള്‍ നേരിട്ട സ്മിത്ത് ഏഴു ബൗണ്ടറികളടക്കം 55 റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനായി മാര്‍ക്കസ് ഹാരിസ് – ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 89 റണ്‍സ് ചേര്‍ത്തു. 38 റണ്‍സെടുത്ത ഹാരിസിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയവും 32 വര്‍ഷത്തിന് ശേഷമുള്ള ഓസീസിന്റെ ഗാബയിലെ പരാജയവുമാണിത്.

Top