ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം. ഫൈനല്‍ മത്സരം മഴയെടുത്തതോടെ ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യ വിജയികളായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 18.2 ഓവറില്‍ 5 വിക്കറ്റിന് 112 റണ്‍സെടുത്തു. ശക്തമായ മഴയില്‍ അഞ്ച് ഓവറായി ചുരുക്കി മത്സരം നടത്താന്‍ പോലും കഴിഞ്ഞില്ല. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വനിതകള്‍ക്ക് ശേഷം പുരുഷന്മാരും സുവര്‍ണ നേട്ടം സ്വന്തമാക്കിയത് ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി.

ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ അഞ്ചിന് 52 എന്ന നിലയില്‍ തകര്‍ന്നിരുന്നു. ആറാം വിക്കറ്റിലാണ് ഷാഹിദുള്ള-നയീബ് കൂട്ടുകെട്ട് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നീക്കിയത്. നയീബ് പുറത്താകാതെ 27 റണ്‍സെടുത്തു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 102-ാം മെഡലാണിത്. 27 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതിനോടകം നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി ഷാഹിദുള്ള കമല്‍ പുറത്താകാതെ 49 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഗുല്‍ബദീന്‍ നയീബിനൊപ്പം അഫ്ഗാന്‍ മികച്ച സ്‌കോറിലേക്ക് നീങ്ങവെയാണ് മഴ വില്ലനായെത്തിയത്. മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. ആദ്യത്തെ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ അഫ്ഗാന് നഷ്ടമായി.

 

 

Top