കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് വിജയം

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് മിക്‌സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യയ്ക്ക് സ്വർണം. അചന്ത ശരത് കമാൽ- ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ ചൂംഗ്- ലിൻ കൂട്ടുകെട്ടിനെ ആണ് ഇന്ത്യൻ താരങ്ങൾ പരാജയപ്പെടുത്തിയത്. ഗെയിംസിൽ ഇന്ത്യയുടെ 18-ാം സ്വർണനേട്ടമാണിത്.

കരിയറിൽ ഇതാദ്യമായാണ് ശരത് കമാൽ മിക്സഡ് ഡബിൾസിൽ ഒരു സ്വർണ്ണ മെഡൽ നേടുന്നത്. ആദ്യ ഗെയിം ഇന്ത്യൻ താരങ്ങൾ അനായാസം ജയിച്ചപ്പോൾ രണ്ടാം ഗെയിമിൽ കാലിടറി. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ ജോഡി എതിരാളികളെ തോൽപ്പിച്ച് സ്വർണം കരസ്ഥമാക്കുകയായിരുന്നു. സ്കോർ: 11-4, 9-11, 11-5, 11-6

കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡൽ നേടിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ സഖ്യം വെന്റി ചാൻ, സോമർവിൽ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്.

Top