ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബോക്സിങ്ങില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ പര്‍വീണ്‍ ഹൂഡയാണ് മെഡല്‍ നേടിയത്. സെമിയില്‍ ചൈനീസ് തായ്പേയ് താരം ടിങ് യു ലിന്നിനോട് 5-0ത്തിന് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പര്‍വീണ്‍ ഹൂഡയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

ഇതോടെ 11-ാം ദിനം ഇന്ത്യ ഇതുവരെ നാല് മെഡലുകള്‍ നേടി. നേരത്തേ അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണവും 35 കിലോമീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇതോടെ 16 സ്വര്‍ണവും 26 വെള്ളിയും 31 വെങ്കലവും ഉള്‍പ്പടെ 72 മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ ഒരു ഏഷ്യന്‍ ഗെയിംസ് എഡിഷനിലെ സര്‍വകാല റെക്കോര്‍ഡാണിത്. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ ഇന്ത്യ നേടിയ 70 മെഡലുകളെന്ന റെക്കോര്‍ഡ് പഴങ്കഥയായിരുന്നു. മെഡല്‍പട്ടികയില്‍ ഇന്ത്യ 4-ാം സ്ഥാനത്ത് തുടരുകയാണ്. ചൈനയാണ് പട്ടികയില്‍ ഒന്നാമത്.

സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചിരുന്നു. ഇന്ത്യയുടെ കൗമാരതാരം അനാഹത് സിങ് മെഡല്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ അഭയ് സിങായിരുന്നു വിജയത്തിലെ പങ്കാളി. 15കാരിയാണ് അനാഹത്. മിക്‌സഡ് ഡബിള്‍സ് സെമിയില്‍ മലേഷ്യയോട് 1-2ന് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങുകയായിരുന്നു.

 

 

Top