പുതുനിരയുമായി ടീം ഇന്ത്യ; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന്

കൊല്‍ക്കത്ത : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. വിരാട് കോഹ്‌ലിയും എം.എസ്. ധോണിയും ഇല്ലാതെയാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.

ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകൾ ടീമിനൊപ്പം ചേർന്ന കരുത്തിൽ ഇന്ത്യക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷയാണ് വിൻഡീസ് പങ്കുവയ്ക്കുന്നത്.

കാര്‍ലോസ് ബ്രാത് വെയിറ്റ് നയിക്കുന്ന കരീബിയന്‍ ടീമില്‍ കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍ , ഡാരന്‍ ബ്രാവോ എന്നീ വമ്പന്‍മാര്‍ അണിനിരക്കും. ഒരുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബ്രാവോയും പൊള്ളാര്‍ഡും വിന്‍ഡീസ് ജേഴ്‌സി അണിയുന്നത്.

ഋഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യ, മനീഷ് പാണ്ഡെ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കും ഇന്ത്യ അവസരം നല്‍കിയേക്കും. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് വിന്‍ഡീസ് കിരീടത്തിേലയ്ക്ക് മുന്നേറിയത്. ഇരുവരും ഏറ്റുമുട്ടിയ കണക്കിലും വിന്‍ഡീസിനാണ് ആധിപത്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ രാത്രി ഏഴുമണിക്കാണ് മല്‍സരം.

Top