ചരിത്രം ഇന്ത്യക്ക് മുന്നിൽ വഴി മാറി, തോമസ് കപ്പിൽ മുത്തം

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യ. നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ തകർത്തെറിഞ്ഞാണ് ഇന്ത്യയുടെ നേട്ടം. ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ഫൈനലിലെത്തിയ ഇന്ത്യ അത്യുജ്ജ്വല പോരാട്ടം പുറത്തെടുത്താണ് കന്നി കിരീടത്തിൽ മുത്തമിട്ടത്.

ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം ഉറപ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ആദ്യ സിം​ഗിൾസിൽ ലക്ഷ്യ സെൻ വിജയിച്ചപ്പോൾ പിന്നാലെ നടന്ന പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വിജയിച്ചു. രണ്ടാം സിം​ഗിൾസിൽ കിഡംബി ശ്രീകാന്തും വിജയം സ്വന്തമാക്കിയാണ് ഇന്ത്യക്ക് ചാമ്പ്യൻപട്ടം സമ്മാനിച്ചത്.

ക്വാർട്ടറിലും സെമിയിലും അവിശ്വസനീയ വിജയം സമ്മാനിച്ച മലയാളി താരം എച്എസ് പ്രണോയി ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചതിനാൽ പ്രണോയിക്ക് ഫൈനലിൽ ഇറങ്ങേണ്ടി വന്നില്ല.

രണ്ടാം സിം​ഗിൾസിൽ ശ്രീകാന്ത് ജൊനാഥൻ ക്രിസ്റ്റിയെ അനായാസം വീഴ്ത്തിയാണ് കിരീടമുറപ്പിച്ചത്. 21-15, 23-21 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ ജയം.

ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ഗംഭീര തിരിച്ചുവരവിലൂടെ വിജയം പിടിച്ച് ലീഡൊരുക്കിയപ്പോൾ പിന്നാലെ മറ്റൊരു തിരിച്ചുവരവിലൂടെ പുരുഷ വിഭാഗം ഡബിൾസിലും വിജയിച്ച് ഇന്ത്യ 2-0ത്തിന് ലീഡുയർത്തി.

ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് ഷാൻ- കെവിൻ സഞ്ജയ സുകമൽജോ സഖ്യത്തെയാണ് വീഴ്ത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകൾ നേടിയാണ് ഇന്ത്യൻ സഖ്യം വിജയിച്ചു കയറിയത്. 18-21, 23-21, 21-19.

പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെൻ വിജയത്തിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. സിംഗിൾസ് പോരാട്ടത്തിൽ ലക്ഷ്യ ഇന്തോനേഷ്യൻ താരം അന്റണി ജിന്റിങിനെ വീഴ്ത്തിയാണ് ഇന്ത്യയെ മുന്നിൽ കടത്തിയത്.

ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചെത്തിയാണ് ലക്ഷ്യം വിജയം തൊട്ടത്. സ്‌കോർ: 8-21, 21-17, 21-16.

ആദ്യ സെറ്റിൽ 8-21 എന്ന സ്‌കോറിലാണ് ലക്ഷ്യ വീണത്. പിന്നീട് ശക്തമായി തിരിച്ചടിച്ച താരം 21-17, 21-16 എന്ന സ്‌കോറിന് വിജയം പിടിക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു.

Top