ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

നവി മുംബൈ : ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. നവി മുംബൈ, ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 19.2 ഓവറില്‍ 141ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ തിതാസ് സദുവാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 17.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെഫാലി വര്‍മ (44 പന്തില്‍ പുറത്താവാതെ 64), സ്മൃതി മന്ദാന (52 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യന്‍ ഓപ്പണര്‍ ഓസീസ് താരങ്ങള്‍ക്ക് ഒരവസരവും നല്‍കിയില്ല. ഷെഫാലിയായിരുന്നു കൂടുതല്‍ ആക്രമകാരി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്‌സ്. സ്മൃതിയുടെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും ഏഴ് ഫോറുമുണ്ടായിരുന്നു. എന്നാല്‍ വിജയത്തിനരികെ സ്മൃതി വീണു. ജോര്‍ജിയ വരേഹത്തിനായിരുന്നു വിക്കറ്റ്. ഷെഫാലിക്കൊപ്പം ജമീമ റോഡ്രിഗസ് (6) പുറത്താവാതെ നിന്നു.

നേരത്തെ, ഫോബെ ലിച്ച്ഫീല്‍ഡിന് (49) മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നത്. എല്ലിസ് പെറി 37 റണ്‍സെടുത്ത് പുറത്തായി. ബേത് മൂണി (17), അന്നാബെല്‍ സതര്‍ലാന്‍ഡ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അലീസ ഹീലി (8), തഹ്ലിയ മഗ്രാത് (0), അഷ്‌ലി ഗാര്‍ഡ്‌നര്‍ (0), ഗ്രേസ് ഹാരിസ് (1), സതര്‍ലന്‍ഡ് (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വറേഹാം (5), മേഗന്‍ ഷട്ട് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

തിതാസിന് പുറമെ ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. രേണുക സിംഗ്, അമന്‍ജോത് കൗര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മലയാളി താരം മിന്നു മണി ടീമില്‍ ഉണ്ടായിരുന്നെങ്കിലും പ്ലെയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.

Top