തകർപ്പൻ ജയം, നിലംതൊടാനാവാതെ കിവീസ്; പരമ്പര സ്വന്തമാക്കി ഇന്ത്യ 

റായ്പുർ: രണ്ടാം ഏകദിനവും ജയിച്ച് 2-0ത്തിന് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ന്യൂസീലൻഡ് ഉയർത്തിയ 109 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറിൽ മറികടന്നു. ഒരു മത്സരം ബാക്കിനിൽക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

50 പന്തിൽ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 51 റൺസെടുത്ത നായകൻ രോഹിത് ശർമ തിളങ്ങി. ശുഭ്മാൻ ഗില്ലിനൊപ്പം 72 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ നേടിയത്. 53 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 40 റൺസോടെ ഗിൽ പുറത്താകാതെ നിന്നു. ഇഷാൻ കിഷൻ പുറത്താകാതെ എട്ട് റൺസ് നേടി. വിരാട് കോഹ്‌ലി 11 റൺസെടുത്ത് പുറത്തായി.

ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 34.3 ഓവറിൽ ഓൾഔട്ടായ ന്യൂസീലൻഡ് 108 റൺസ് മാത്രമാണ് നേടിയത്. 36 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് അവരുടെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടി ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും കളി ഇന്ത്യക്കനുകൂലമാക്കി. സിറാജ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.

Top