“കൊച്ചി വിമാനത്താവളം അഭിമാനം”; ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ സുഷമ സ്വരാജ്‌

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്‍കൈ എടുക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ നേതൃ നിരയിലേയ്ക്ക് കടന്നു വരുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ പുനരുപയോഗ ഊര്‍ജ്ജോല്‍പ്പാദനത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. സൗരോര്‍ജ്ജ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ രാജ്യം ലോക പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നേതൃത്വത്തിലാണ് കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ നടന്നത്.

2022 ആകുമ്പോഴേയ്ക്കും 175 ജിജാ വാട്ട് വൈദ്യുതി സോളാര്‍, കാറ്റ് എന്നിവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനാണ് ആദ്യ ലക്ഷ്യം. 300 മില്യണ്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചു കൊണ്ട് 2 ബില്യണ്‍ യുഎസ്ഡിയും 4 ജിജാ വാട്ട് വൈദ്യുതിയുമാണ് കൂടുതലായി സംരക്ഷിക്കുന്നത്. കേരളത്തിലെ കൊച്ചി വിമാനത്താവളം ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ്ജ വിമാനത്താവളമാണെന്ന കാര്യം വിദേശകാര്യമന്ത്രി യുഎന്‍ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യന്‍ ജനതയെന്നും ഇന്റര്‍ നാഷണല്‍ സോളാര്‍ അലൈന്‍സില്‍ ഇപ്പോള്‍ തന്നെ 68 രാജ്യങ്ങള്‍ പങ്കാളികളാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. സാങ്കേതിക വിദ്യയില്‍ പരസ്പര സഹകരണമാണ് ഈ കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്.

ഐഎസ്എയുടെ ആദ്യ യോഗത്തിനായി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഇന്ത്യയില്‍ എത്തും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലാവസ്ഥ വ്യതിയാനം വിലങ്ങുതടിയാണ്. വികസ്വര രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ നേരിടുന്നത്. ആവശ്യമായ സാമ്പത്തിക സഹകരണവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. ഇതിന് വിവിധ രാജ്യങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുള്ള റോഡ് മാപ്പ് തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് സഹകരണം മെച്ചപ്പെടുത്താന്‍ സഹായിക്കും.

പഞ്ചഭൂതങ്ങളെ ആരാധിക്കുന്ന പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അന്തരീക്ഷം മുതല്‍ സമുദ്രം വരെയുള്ളവ പ്രത്യേക ക്രമത്തിലാണ് മുന്നോട്ടു പോകുന്നത്. ഇതിന് ആക്കം തട്ടുമ്പോള്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാകുന്നു. ഇതിനെ ഒറ്റക്കു നേരിടേണ്ടത് ലോകരാജ്യങ്ങളുടെ കൂട്ടായ്മയിലൂടെയാകണമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. ലോകം നേരിടുന്ന ഏറ്റവും വലിയ ആഗോള പ്രശ്‌നമായി കാലാവസ്ഥാ വ്യതിയാനം മാറിക്കൊണ്ടിരിക്കുകയാണ്. യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അവസ്ഥ വളരെ മോശമാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ മുന്‍കൈ എടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വന്നിരിക്കുന്നത്.

Top