ചൈനീസ് ഹാക്കര്‍മാരെ തളയ്ക്കാന്‍ ഇന്ത്യ തയാറെടുക്കണം; സൈബര്‍ സുരക്ഷാ വിദഗദ്ധന്‍

hackers

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എതിരെ സൈബര്‍ യുദ്ധത്തിന് ചൈനീസ് ഹാക്കര്‍മാര്‍ ചട്ടംകെട്ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌.

അതിനിടെ ഈ ആക്രമണത്തെ നേരിടാന്‍ ഇന്ത്യ വേണ്ടത്ര തയാറല്ലെന്ന അഭിപ്രായവുമായി സൈബര്‍ സുരക്ഷാ വിദഗ്ധന്‍ രാഹുല്‍ ത്യാഗി.

ഇത്തരം ആക്രമണങ്ങള്‍ക്ക് എളുപ്പത്തില്‍ വിധേയമാകുക സര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്നും, ഈ ആക്രമണങ്ങളെ തിരിച്ചറിയാന്‍ എളുപ്പത്തില്‍ കഴിയില്ലെന്നതാണ് ഏറ്റവും ഗൗരവമേറിയ കാര്യമെന്നും ത്യാഗി പറഞ്ഞു.

ചൈനീസ് ഹാക്കര്‍മാര്‍ക്ക് ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അഡ്രസുകളില്‍ എളുപ്പത്തില്‍ കബളിപ്പിക്കല്‍ നടത്താന്‍ സാധിക്കുമെന്നും, അതിനാല്‍ ഈ ആക്രമണങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവയാണെന്ന തോന്നലുണ്ടാക്കാമെന്നും, ഇതിന്റെ അനന്തരഫലം ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുമെന്നതാണെന്നും ത്യാഗി ചൂണ്ടിക്കാട്ടുന്നു.

ഐപി വിലാസം ഉപയോഗിച്ചാണ് ഓരോ കംപ്യൂട്ടറും ഉപയോഗിക്കുന്ന ഇന്റര്‍നെറ്റും ലൊക്കേഷനും തിരിച്ചറിയുന്നത്.

എന്നാല്‍, ഇത്തരത്തിലുള്ള ആക്രമണങ്ങളെ മനസിലാക്കുന്നതിന് നമ്മുടെ സര്‍ക്കാര്‍ ഇതുവരെ പ്രാപ്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ഇന്ത്യന്‍ കമ്പനികള്‍ക്കും ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ചൈനയില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണെന്ന് സമീപകാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങള്‍ നേരിടുന്നതിന് നമ്മുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി മതിയായ സമയവും പണവും സര്‍ക്കാര്‍ ചെലവഴിക്കേണ്ടതുണ്ടെന്നും ത്യാഗി അഭിപ്രായപ്പെട്ടു.

സൈബര്‍ സുരക്ഷാ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ ടി മന്ത്രി രവി ശങ്കര്‍ പ്രസാദ് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് മേലുള്ള സൈബര്‍ ആക്രമണങ്ങള്‍ വളരെ കുറവാണെങ്കിലും നമ്മള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വിവിധ ഏജന്‍സികള്‍ സൈബര്‍സ്‌പേസിന്റെ സുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചുവരികയാണെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബിഎന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള 10 അംഗ കമ്മിറ്റിയെ ഡാറ്റ സംരക്ഷണ ചട്ടക്കൂട് തയാറാക്കുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഐടി മന്ത്രി അറിയിച്ചിരുന്നു.

Top