ട്വന്റി20; ഇന്ത്യ ഇംഗ്ലണ്ട് അവസാന മത്സരം ഇന്ന്

അഹമ്മദാബാദ്:  ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ അവസാന ട്വന്റി20 മത്സരത്തിനിറങ്ങുന്നു. പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിലും ടോസ് നേടിയവര്‍ എതിരാളികളെ ബാറ്റിങ്ങിന് അയയ്ക്കുകയും പിന്നീട് വിജയം പിടിച്ചെടുക്കുകയും ചെയ്യുന്നതായിരുന്നു പതിവെങ്കില്‍, നാലാം ട്വന്റ20യില്‍ പരമ്പര നഷ്ടമെന്ന ഭീഷണിയുടെ വക്കില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയിട്ടും മത്സരം ജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാത്രി 7 മുതല്‍ മൊട്ടേര സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്നത്തെ നിര്‍ണായക മത്സരം.

4-ാം ട്വന്റി20യില്‍ വിജയത്തിലേക്കു കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ അവസാന ഓവറുകളിലെ ട്വിസ്റ്റുകളിലാണ് ഇന്ത്യ വീഴ്ത്തിയത്. പരുക്കേറ്റ് ക്യാപ്റ്റന്‍ വിരാട് കോലി മൈതാനത്തു നിന്നു കയറിയിട്ടും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ ഇന്ത്യ 8 റണ്‍സിനു ജയിച്ചു. ഇതോടെ പരമ്പര 2-2 എന്ന നിലയിലായി.

പ്ലേയിങ് ഇലവനില്‍ ആര്‍ക്കൊക്കെ അവസരം കിട്ടും എന്നതാണ് ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരുടെ ആകാംക്ഷ. 17 അംഗ ടീമില്‍ രാഹുല്‍ തെവാത്തിയയ്ക്കു മാത്രമാണ് ഇതുവരെ ഒരു മത്സരം പോലും കളിക്കാന്‍ അവസരം കിട്ടാത്തത്. തെവാത്തിയ വരികയാണെങ്കില്‍ സ്പിന്നര്‍മാരില്‍ ആരെങ്കിലും പുറത്താകും.

അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഇഷന്‍ കിഷനും അരങ്ങേറ്റത്തില്‍ ബാറ്റിങ്ങിന് അവസരം കിട്ടിയില്ലെങ്കിലും ലഭിച്ച ആദ്യ അവസരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കരുത്തുകാട്ടിയ സൂര്യകുമാര്‍ യാദവും ടീമില്‍ ഒന്നിച്ച് ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

കഴിഞ്ഞ മത്സരത്തിലൂടെ പരമ്പരയില്‍ ആദ്യമായി ഇരട്ട അക്കത്തിലെത്തിയെങ്കിലും ഇനിയും തിളങ്ങാത്ത ഓപ്പണര്‍ കെ.എല്‍. രാഹുലിനെ കൈവിടാനും സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ വിജയത്തിന്റെ വക്കില്‍വച്ച് തോല്‍വിയിലേക്ക് വഴുതിയെങ്കിലും ഇംഗ്ലണ്ട് ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ക്ക് സാധ്യതയില്ല.

 

 

Top