മെര്‍ദേക കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് ആദ്യമത്സരത്തിനിറങ്ങും

ക്വലാലംപുര്‍: മെര്‍ദേക കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് ആദ്യമത്സരത്തിനിറങ്ങും. ആതിഥേയരായ മലേഷ്യയാണ് എതിരാളി. മത്സരം വൈകീട്ട് 6.30 മുതല്‍. സെമിഫൈനല്‍ മുതലാണ് മെര്‍ദേക കപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഇസ്രയേലുമായി സംഘര്‍ഷം നടക്കുന്നതിനാല്‍ പലസ്തീന്‍ മെര്‍ദേക കപ്പ് കളിക്കുന്നില്ല. ഇതോടെ അവരുടെ എതിരാളിയായിരുന്ന താജിക്കിസ്താന്‍ നേരിട്ട് ഫൈനലിലെത്തി. ഇന്ത്യ-മലേഷ്യ മത്സരത്തിലെ വിജയി 17-ന് നടക്കുന്ന ഫൈനലില്‍ താജിക്കിസ്താനെ നേരിടും.22 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ മെര്‍ദേക കപ്പില്‍ കളിക്കുന്നത്.

2024 ജനുവരിയില്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനുമുമ്പ് കിരീടനേട്ടത്തോടെ ആത്മവിശ്വാസം വളര്‍ത്താന്‍ ഇന്ത്യക്ക് മെര്‍ദേക കപ്പ് വിജയം അനിവാര്യമാണ്. മത്സരം കഠിനമാകുമെന്നാണ് ഇഗോര്‍ സ്റ്റിമാച്ചിന്റെ കണക്കുകൂട്ടല്‍. ഇതുകാരണം മികച്ച സംഘത്തെ ക്വാലാലംപുരിലേക്കെത്തിച്ചു. ഗുര്‍പ്രീത് സിങ് സന്ധുവായിരിക്കും ഇന്ത്യയുടെ ഗോള്‍കീപ്പര്‍. അമരീന്ദര്‍ സിങ്, വിശാല്‍ കെയ്ത്ത് എന്നിവരും സ്‌ക്വാഡിലുണ്ട്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കൊപ്പം മന്‍വീര്‍ സിങ്ങും മുന്നേറ്റത്തില്‍ കളിക്കും. മലയാളിതാരം സഹല്‍ അബ്ദുസ്സമദ് ടീമിലുണ്ട്. അനിരുദ്ധ് ഥാപ്പ, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, ലാലിയന്‍ സുവാല ചാങ്‌തെ, ഉദാന്ത സിങ്, മഹേഷ് സിങ് തുടങ്ങിയവരും മധ്യനിരയില്‍ കളിച്ചേക്കും. സന്ദേശ് ജിംഗാന്‍, അന്‍വര്‍ അലി, സുഭാശിഷ് ബോസ്, മെഹ്താബ് സിങ് തുടങ്ങിയവരാണ് പ്രതിരോധത്തിലെ കരുത്ത്.

ഇന്ത്യ 17 തവണ മെര്‍ദേക കപ്പില്‍ കളിച്ചിട്ടുണ്ടെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്. നേരത്തേ രണ്ടുതവണ (1959, 1964) ഇന്ത്യ റണ്ണറപ്പായിട്ടുണ്ട്. ആദ്യതവണ മലേഷ്യയോടും രണ്ടാംവട്ടം മ്യാന്‍മാറിനോടും തോറ്റു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ സുനില്‍ ഛേത്രി നയിക്കും.

 

Top