ചൈനയില്‍ നിന്ന് വൈദ്യുതോപകരണങ്ങളും ഇറക്കുമതി ചെയ്യില്ല: കേന്ദ്ര ഊര്‍ജ മന്ത്രി

ന്യൂഡല്‍ഹി: ആപ്പുകള്‍ നിരോധിച്ചതിന് പിറകെ ചൈനയില്‍ നിന്ന് വൈദ്യുതോപകരണങ്ങളും ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ.സിങ്.

സംസ്ഥാന ഊര്‍ജമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉപകരണങ്ങള്‍ക്കായി ചൈനീസ് കമ്പനികള്‍ക്ക് സംസ്ഥാനങ്ങള്‍ ഓര്‍ഡര്‍ നല്‍കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘ഇന്ത്യയില്‍ എല്ലാം ഉല്പാദിപ്പിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള 21,000 കോടി രൂപയുടേതുള്‍പ്പടെ 71,000 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു രാജ്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചുകടക്കുമ്പോള്‍ ഇത്തരത്തില്‍ വന്‍തോതില്‍ വൈദ്യുത ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ചൈനയില്‍നിന്നും പാകിസ്ഥാനില്‍നിന്നും ഇനി യാതൊന്നും നാം സ്വീകരിക്കില്ല.’ ആര്‍.കെ സിങ് പറഞ്ഞു.

ഇന്ത്യയുടെ വൈദ്യുതമേഖലയെത്തന്നെ താറുമാറാക്കാന്‍ കഴിയുന്ന എന്തെങ്കിലും ഇറക്കുമതി ചെയ്യപ്പെടുന്നവയില്‍ ഉണ്ടാകാമെന്നും ഇന്ത്യയില്‍ തന്നെ ഉല്പാദിപ്പിക്കുകയും ലഭ്യമാകുകയും ചെയ്യുന്ന ടവര്‍ ഉപകരണങ്ങളും ചാലകങ്ങളും ട്രാന്‍സ്‌ഫോര്‍മറുകളും മീറ്ററുകളും ഇറക്കുമതി ചെയ്യുന്നതു മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top