ഇന്ത്യയെ പാക്കിസ്ഥാനോ താലിബാനോ ആക്കാന്‍ അനുവദിക്കില്ല; മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ഇന്ത്യയെ പാക്കിസ്ഥാനോ താലിബാനോ ആക്കാന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ മമതാ ബാനര്‍ജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന ഭബാനിപൂര്‍ മണ്ഡലത്തെ അവര്‍ പാക്കിസ്ഥാനാക്കുമെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

”ബിജെപിയുടെ നയങ്ങളും രാഷ്ട്രീയവും എനിക്ക് ഇഷ്ടമല്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് മാത്രമാണ് അവരുടെ നയം. നന്ദിഗ്രാമില്‍ അവര്‍ പറഞ്ഞു അത് പാക്കിസ്ഥാനാകുമെന്ന്, ഇപ്പോള്‍ ഭബാനിപൂരിലും അതുതന്നെ പറയുന്നു. ഇത് ലജ്ജാകരമാണ് ” – മമത വ്യക്തമാക്കി.

”എനിക്ക് എന്റെ രാജ്യത്തെ ശക്തമാക്കുകയും സുരക്ഷിതമാക്കുകയും വേണം. ഇന്ത്യയെ മറ്റൊരു താലിബാന്‍ ആക്കുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. എന്റെ രാജ്യത്തെ പാക്കിസ്ഥാനാക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല” – മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ ഒരു പള്ളി സന്ദര്‍ശിച്ചു. ഒരു ഗുരുദ്വാരയും സന്ദര്‍ശിച്ചു. എന്നാല്‍ ബിജെപിക്ക് ഇത് രണ്ടും പ്രശ്‌നമാണ്. ഞാന്‍ രാഷ്ട്രീയത്തിലേക്ക് മതം കൊണ്ടുവരുന്നില്ല. ബിജെപിക്കാര്‍ക്ക് മാത്രമാണ് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം വശമുള്ളത്”- മമത പറഞ്ഞു.

 

Top