ഇന്ത്യയ്ക്ക് മറക്കാൻ കഴിയുകയില്ല വെല്ലുവിളി നിറഞ്ഞ ആ കാലത്തെ. . .

യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യന്‍ വാദം ഇന്ത്യന്‍ വിദേശകാര്യ വക്താവ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പോളണ്ട് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവരെ തടഞ്ഞ് വച്ചും മര്‍ദ്ദിച്ചും യുക്രൈന്‍ സൈനികര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതു പോലെ തന്നെ ഇന്ത്യക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ യുക്രൈന്‍ തടഞ്ഞു വച്ചതും, മെട്രോ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ കുടുങ്ങിയതും ലൈവായാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിവരിച്ചിരിക്കുന്നത്.

യുക്രൈന്‍ സൈന്യവും അവിടുത്ത ഒരു വിഭാഗം ആളുകളും മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ള ഇന്ത്യക്കാരോട് ചെയ്യുന്നത് അതു പോലെ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും പറ്റില്ലെന്നാണ് ഏഷ്യാനെറ്റിലെ ഡല്‍ഹിയിലെ പ്രതിനിധി ഉള്‍പ്പെടെ പറഞ്ഞിരിക്കുന്നത്. തലസ്ഥാന നഗരം ഉള്‍പ്പെട വിടാന്‍ റഷ്യ ആവശ്യപ്പെട്ട സമയത്തും, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ബോധപൂര്‍വ്വം തടയുന്നതിനു വേണ്ടിയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധം ഉണ്ടാവുമെന്ന ഉറപ്പായ ഘട്ടത്തില്‍ പോലും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെയിനില്‍ തളച്ചിടാനാണ് അവിടുത്തെ സര്‍വ്വകലാശാലകളും ശ്രമിച്ചിട്ടുള്ളത്. ഇതും ബോധപൂര്‍വ്വമായ നീക്കമായേ കാണാന്‍ സാധിക്കുകയൊള്ളൂ.

ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ”ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ട് ” എന്ന ഇന്ത്യന്‍ വക്താവിന്റെ വാദം അതേ രൂപത്തില്‍ വിശ്വസിക്കാന്‍ കഴിയുകയില്ല. അമേരിക്കന്‍ ചേരിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയുള്ള നീക്കമായും ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നുണ്ട്. റഷ്യയുമായി ഏറെ അടുത്ത ബന്ധമുള്ള ഇന്ത്യയിലെ പൗരന്‍മാര്‍ യുക്രെയിനില്‍ കുടുങ്ങിക്കിടന്നാല്‍, റഷ്യ പ്രതിരോധത്തിലാകുമെന്ന ബുദ്ധിയാണ് യുക്രെയിന്‍ ഭരണകൂടം ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അങ്ങനെ വിലയിരുത്താന്‍, കാരണങ്ങളും ഏറെയാണ്.

റഷ്യയെ സംബന്ധിച്ച്, യുക്രെയിന്‍ പ്രസിഡന്റിന്റെ ആസ്ഥാനം ഉള്‍പ്പെടെ ബോംബിട്ടു തകര്‍ക്കാന്‍ നിമിഷ നേരം മതി. എന്നാല്‍, അത്തരം ഒരു വ്യാപക ബോംബാക്രമണം റഷ്യ നടത്തിയിട്ടില്ല. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ കുടുങ്ങിക്കിടക്കുന്നതു കൊണ്ടു കൂടിയാണ്, യുക്രെയിന്‍ പ്രകോപിപ്പിച്ചിട്ടും, അത്തരമൊരു കടുത്ത നിലപാടിലേക്ക് റഷ്യ പോകാതിരിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കി വേണം ഉത്തരവാദപ്പെട്ടവര്‍ പ്രതികരിക്കാന്‍. ‘രണ്ടു തോണിയില്‍ കാല്‍വയ്ക്കുന്ന’ നിലപാട് സ്വീകരിച്ചാല്‍, തോണി തന്നെ’ മറിയുകയാണ് ചെയ്യുക. അതും ഓര്‍ത്ത് കൊള്ളണം.

യുക്രെനില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ‘യുക്രെയ്ന്‍ പ്രമേയത്തില്‍ നിന്നുള്‍പ്പെടെ ‘ ഇന്ത്യ വിട്ടു നിന്നതൊന്നും, റഷ്യ ഇന്ത്യക്ക് നല്‍കിയ സഹായത്തോളം വരില്ല.

1971ലെ ഇന്ത്യ-പാക്ക് യുദ്ധം തന്നെ, ഏറ്റവും വലിയ ഉദാഹരണമാണ്. പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനയും അമേരിക്കയും എത്തുമെന്ന് ഭയന്ന ഇന്ദിരാഗാന്ധിക്ക് ഒപ്പമുണ്ടാകുമെന്ന് ധൈര്യം നല്‍കിയത് സോവിയറ്റ് റഷ്യയാണ്. അന്ന് പാക്ക് അനുകൂല യു.എന്‍ പ്രമേയത്തിനെതിരെ നിഷ്പക്ഷ നിലപാടല്ല, ഇന്ത്യക്ക് അനുകൂലമായ ശക്തമായ നിലപാടാണ് സോവിയറ്റ് യൂണിയന്‍ സ്വീകരിച്ചിരുന്നത്. ആയുധങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക മാത്രമല്ല, ഇന്ത്യയെ ആക്രമിക്കാന്‍ കുതിച്ചെത്തിയ അമേരിക്കയുടെ ഏഴാം നാവികപ്പടയെ തുരത്തിയതും, സോവിയറ്റ് യൂണിയന്റെ പടക്കപ്പലുകളാണ്. അങ്ങനെ അവര്‍ ചെയ്തിലായിരുന്നു എങ്കില്‍, യുദ്ധത്തിന്റെ ഫലം തന്നെ മറിച്ചാകുമായിരുന്നു.

യുദ്ധം ജയിച്ച ഇന്ത്യ പാക്കിസ്ഥാനെ കീറി മുറിച്ചാണ് ബംഗ്ലാദേശ് സൃഷ്ടിച്ചിരുന്നത്. ഇന്ത്യക്ക് നല്‍കിയ വാക്കാണ് സോവിയറ്റ് യൂണിയന്‍ നിര്‍ണ്ണായക ഘട്ടത്തില്‍ കൃത്യമായി പാലിച്ചിരുന്നത്. ആ രാജ്യം പിന്നീട് റഷ്യ മാത്രമായി ചുരുങ്ങിയിട്ടും ഇന്ത്യയുമായുള്ള ബന്ധം ഇതുവരെ വിച്ചേദിച്ചിട്ടില്ല. മാത്രമല്ല പൂര്‍വ്വാധികം ശക്തിയോടെ തുടരുകയുമാണ്. അമേരിക്കയെ വിശ്വസിച്ച യുക്രെയിനെ ആ രാജ്യം കൈവിട്ട പോലെ, സോവിയറ്റ് യൂണിയന്‍ ഇന്ത്യയോട് പെരുമാറിയിട്ടില്ല. ഇന്ത്യ ചൈന യുദ്ധകാലത്ത് അതിക്രമിച്ചു കയറിയ ചൈനീസ് സൈനികര്‍ തിരിച്ചു പോകുന്നതിലും സോവിയറ്റ് യൂണിയന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.

ഇന്ത്യക്ക് തലവേദനയായ കശ്മീര്‍ വിഷയത്തില്‍, പാകിസ്താനും ചൈനക്കും തുടര്‍ച്ചയായി യു.എന്നില്‍ വന്‍ തിരിച്ചടി ലഭിക്കുന്നതില്‍ റഷ്യയുടെ നിലപാടും നിര്‍ണ്ണായക ഘടകമാണ്. കശ്മീര്‍ വിഷയം അന്താരാഷ്ട്ര വല്‍ക്കരിക്കാനുള്ള പാകിസ്താന്റെയും ചൈനയുടേയും ശ്രമത്തിനാണ് വന്‍ പ്രഹരമേറ്റിരുന്നത്. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ അപലപിച്ച് യു.എന്‍ രക്ഷാ സമിതിയെക്കൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിപ്പിക്കാനുള്ള ചൈനയുടേയും പാകിസ്താന്റേയും ശ്രമമാണ് റഷ്യ ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉയര്‍ത്തിക്കാട്ടിയാണ് രക്ഷാ സമിതിയില്‍ പാകിസ്താനെ ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നത്. ഭീകരവാദം അവസാനിപ്പിച്ചാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നിടാമെന്ന നിര്‍ദേശവും, ഇന്ത്യ മുന്നോട്ടു വച്ചു. ഈ നിര്‍ദേശത്തെ റഷ്യ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതോടെ, മറ്റു രാജ്യങ്ങളും ഇന്ത്യന്‍ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു. ഇതോടെ 15 അംഗ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താനും ചൈനയും പൂര്‍ണമായി ഒറ്റപ്പെട്ടുകയാണ് ഉണ്ടായത്. കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന വാദത്തെയും ഭൂരിഭാഗം അംഗരാഷ്ട്രങ്ങളും പിന്തുണക്കുകയുണ്ടായി.

പ്രതിരോധം, സിവില്‍ ആണവോര്‍ജം, തീവ്രവാദ വിരുദ്ധ സഹകരണം, ബഹിരാകാശം തുടങ്ങിയ നിരവധി മേഖലകളില്‍ ഇന്നും റഷ്യ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്. അംഗങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനെ ഏറ്റവും ശക്തമായി പിന്തുണയ്ക്കുന്നതും റഷ്യയാണ്. മാറി വരുന്ന റഷ്യന്‍ ഭരണകൂടങ്ങള്‍ മാത്രമല്ല, ആ രാജ്യത്തെ ജനങ്ങളും ഇന്ത്യയെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്. ആ സ്‌നേഹം ചൈനയോട് അവര്‍ക്കില്ലന്നതും നാം തിരിച്ചറിയണം. ചൈനയോട് കേവലം ബിസിനസ്സ് ബന്ധം മാത്രമാണ് റഷ്യക്കുള്ളത്. അത് ഇന്ത്യയോട് ഉള്ള പോലെ ഒരു വൈകാരിക അടുപ്പമല്ല. ചൈനയുമായി ഇന്ത്യ യുദ്ധം ചെയ്യേണ്ടി വന്നാല്‍, റഷ്യ ഇന്ത്യയ്ക്ക് ഒപ്പമാണ് നില്‍ക്കുക എന്നു ആദ്യം തിരിച്ചറിയുന്നതും ചൈനയാണ്. അതുകൊണ്ടാണ് വീറ്റോ പവര്‍ ഉണ്ടായിട്ടും, അതിരു കടന്ന ഒരു പിന്തുണ യുക്രെയിന്‍ വിഷയത്തിലും ചൈന നല്‍കാതിരിക്കുന്നത്.

ബ്രിട്ടീഷ് മാധ്യമമായ ബിബിസി മുന്‍പു നടത്തിയ ഒരു വേള്‍ഡ് സര്‍വീസ്‌പോളില്‍ 85% റഷ്യക്കാരാണ് ഇന്ത്യയെ പിന്തുണച്ചിരിക്കുന്നത്. 9% പേര്‍ മാത്രമാണ് നിഷേധാത്മക നിലപാട് പ്രകടിപ്പിച്ചിട്ടുള്ളത്. അതുപോലെ , മോസ്‌കോ ആസ്ഥാനമായുള്ള സര്‍ക്കാരിതര ‘തിങ്ക് ടാങ്ക് ലെവാഡ സെന്ററിന്റെ മറ്റൊരു അഭിപ്രായ വോട്ടെടുപ്പില്‍, ഇന്ത്യയെ തങ്ങളുടെ മികച്ച അഞ്ച് ‘സുഹൃത്തുക്കളില്‍’ ഒരാളായാണ് റഷ്യക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതൊന്നും തന്നെ നമുക്ക് വിസ്മരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല.

യുക്രെയിനില്‍ അമേരിക്കന്‍ മിസൈല്‍ കൊണ്ടു വച്ചാല്‍, അത് റഷ്യയെ ഗുരുതരമായി ബാധിക്കുന്ന ഭീഷണിയാണ്. ഭൂട്ടാനിലും നേപ്പാളിലും ചൈന മിസൈല്‍ സ്ഥാപിച്ചാല്‍ ഇന്ത്യക്കുള്ള ഭീഷണിക്ക് സമാനമാണിത്. ആ ഭീഷണി ഒഴിവാക്കാനാണ് റഷ്യ നല്ല രീതിയില്‍ പരമാവധി ശ്രമിച്ചത്. എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ ഇരുന്ന യുക്രെയിന്‍ – അമേരിക്കന്‍ ഭരണകൂടങ്ങള്‍ യുദ്ധം വിളിച്ചു വരുത്തുകയാണ് ചെയ്തിരിക്കുന്നത്. അതാണ് വസ്തുത. നാളെ പാക്കിസ്ഥാനും ചൈനയും ഇതേ രൂപത്തില്‍ മുന്നോട്ടു പോയാല്‍, ഇന്ത്യയും സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്ന നടപടി തന്നെയാണിത്. ആ ഘട്ടത്തിലും റഷ്യ മാത്രമാണ് ഒപ്പമുണ്ടാകുക എന്നതും രാജ്യത്തെ ഭരണകൂടം ഓര്‍ക്കുന്നത് നല്ലതാണ്.

അമേരിക്ക, ബ്രിട്ടണ്‍ ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ഇസ്രയേല്‍ തുടങ്ങി ഒരു സുഹൃത്ത് രാജ്യവും നമ്മുടെ സഹായത്തിന് എത്താന്‍ പോകുന്നില്ല. അവരെല്ലാം അവരുടെ കാര്യം മാത്രമാണ് നോക്കുക. ഒരു റിസ്‌ക്കും എടുക്കുകയില്ല. അതു തന്നെയാണ് യുക്രെയിന്‍ ഇന്ത്യക്ക് നല്‍കുന്ന സന്ദേശവും. എന്നാല്‍, റഷ്യ അങ്ങനെ അല്ല. നിര്‍ണ്ണായക യുദ്ധത്തില്‍ നമുക്കൊപ്പം നിന്ന ചരിത്രം അവര്‍ക്കുണ്ട്. ലോകത്തെ ഏറ്റവും ആധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് ഉള്‍പ്പെടെ ഇന്ത്യക്ക് നല്‍കാനും അവര്‍ക്ക് ഒരു മടിയും ഉണ്ടായിട്ടില്ല. ചൈനയുടെയും അമേരിക്കയുടെയും എതിര്‍പ്പ് മറികടന്നാണ് ഈ ഇടപാടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

യുക്രെയിനു വേണ്ടി വാദിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്

1998ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയാണ് ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ‘ഓപ്പറേഷന്‍ ശക്തി’ എന്ന പേരില്‍ നടത്തിയ ആ ആണവ പരീക്ഷണത്തിന്റെ പേരില്‍, ഇന്ത്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ ഓടി നടന്ന രാജ്യം യുക്രെയിനായിരുന്നു. ആണവ പരീക്ഷണം നടത്തി ലോകത്തെ ഇന്ത്യ ഞെട്ടിച്ചതിനു പിന്നാലെ, യുക്രെയിനും മറ്റ് 25 രാജ്യങ്ങളും ആണവ പരീക്ഷണങ്ങളെ അപലപിച്ച് യുഎന്നില്‍ പ്രമേയം കൊണ്ടു വരികയാണ് ഉണ്ടായത്. ഈ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യം കൂടിയാണ് യുക്രെയിന്‍.

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 1172ാം പ്രമേയമാണ് ഇന്ത്യയ്‌ക്കെതിരെ പാസാക്കിയിരുന്നത്. തുടര്‍ന്ന് യു.എന്‍, ഇന്ത്യ കൂടുതല്‍ ആണവപരീക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും, ആണവപരീക്ഷണ നിരോധന കരാറില്‍ ഒപ്പു വയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും, യു.എന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഈ ഉപരോധത്തെയും അവസരമാക്കിയാണ് ഇന്ത്യ മാറ്റിയിരുന്നത്. പ്രതിരോധ മേഖലയിലടക്കം ഇറക്കുമതി ചെയ്തിരുന്ന പല വസ്തുക്കളും സ്വന്തമായി നിര്‍മ്മിക്കാന്‍ ഇതോടെ ഇന്ത്യയ്ക്ക് കഴിഞ്ഞു.

അതേസമയം, രാജ്യത്തിന്റെ വികസന കുതിപ്പിന് കാലതാമസമുണ്ടാക്കാന്‍ പോന്നതായിരുന്നു യുക്രെയിനടക്കമുള്ള രാജ്യങ്ങള്‍ മുന്‍കൈ എടുത്ത് കൊണ്ടുവന്ന ആ പ്രമേയമെന്നത് സത്യമാണ്. ഇന്ത്യയ്‌ക്കെതിരെ പ്രമേയവുമായി വന്ന ആ യുക്രെയിന്‍, പാകിസ്ഥാനുമായി മികച്ച ബന്ധവും നിലനിര്‍ത്തിയിരുന്നു. പാകിസ്ഥാനുമായുള്ള ഉക്രെയ്‌നിന്റെ ബന്ധം തന്നെ, പൂര്‍ണ്ണമായും ആയുധങ്ങളുമായി ബന്ധപ്പെട്ടതുമാണ്.

ഇന്ത്യ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുമ്പോള്‍, പാകിസ്ഥാന്‍ യുക്രെയിനെയായിരുന്നു ആശ്രയിച്ചിരുന്നത്.. യുദ്ധ ടാങ്കുകളടക്കമുള്ള ആയുധങ്ങളാണ് പാകിസ്ഥാന്‍ അവിടെ നിന്നും വാങ്ങിയിരുന്നത്. ചൈനയുമായി പാകിസ്ഥാനുള്ള ബന്ധം ഊഷ്മളമായതോടെയാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ വ്യാപാരത്തില്‍ കുറവുകള്‍ വന്നിട്ടുള്ളത്. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇതുവരെ യുക്രെയിന്‍ പാകിസ്ഥാന് ഏകദേശം 1.6 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉക്രെയ്‌നിന്റെ എക്കാലത്തെയും വലിയ ഉപഭോക്താക്കളില്‍ ഒരാളായാണ് പാക്കിസ്ഥാന്‍ വിലയിരുത്തപ്പെടുന്നത്.

അന്താരാഷ്ട്ര ബന്ധങ്ങളില്‍, സ്ഥിരമായ സുഹൃത്തുക്കളോ സ്ഥിരമായ ശത്രുക്കളോ യുക്രെയിന് ഇല്ല. പകരം അവിടെ ‘സ്ഥിരമായ’ താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്. ഇത്തരമൊരു രാജ്യത്തിനെ ഒരു ഘട്ടത്തിലും പിന്തുണയ്‌ക്കേണ്ട കാര്യം ഇന്ത്യയ്ക്കില്ല. അവരുടെ വക്കാലത്തും ഏറ്റെടുക്കേണ്ടതില്ല. യുക്രെയിന്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ യാത്ര തടസ്സപ്പെടുത്തി, അന്താരാഷ്ട്ര സമ്മര്‍ദ്ദം റഷ്യക്കുമേല്‍ കൊണ്ടു വരാനാണ് ശ്രമിച്ചിരിക്കുന്നത്. ഇത് തിരിച്ചറിയാതെ ഇന്ത്യന്‍ പ്രതിനിധി പ്രതികരിച്ചിട്ടുണ്ടെങ്കില്‍, അതിനെ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്.

Top