ഓക്‌സ്ഫഡ് വാക്‌സിന്‍ ഏപ്രിലോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി : ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് ഓക്‌സ്ഫഡ് വാക്‌സിന്‍ ഏപ്രിലോടെ ലഭ്യമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെയുമാണ് ലഭ്യമാവുക എന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാകുമെന്നും സിറം ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവല്ല പറഞ്ഞു. 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന് ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എല്ലാ ഇന്ത്യക്കാര്‍ക്കും കുത്തിവെയ്പ്പ് എടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെടുക്കും. വിതരണ പരിമിതികള്‍ മാത്രമല്ല കാരണം. ബജറ്റ്, വാക്‌സിന്‍ ലോജിസ്റ്റിക്, അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിന്‍ എടുക്കാനുള്ള ആളുകളുടെ താത്പര്യം. ഘടകങ്ങളെ ആശ്രയിച്ചാണ് 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുക. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുകയാണെങ്കില്‍ 2024 ഓടെ എല്ലാവര്‍ക്കും എത്തിയിരിക്കുമെന്നും’ പൂനവല്ല പറഞ്ഞു.

പ്രായമായവരില്‍ പോലും ഓക്‌സ്ഫഡ്-അസ്ട്രസെനക വാക്‌സിന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എത്ര കാലത്തേക്ക് വാക്‌സിന്‍ പ്രതിരോധ സംരക്ഷണം നല്‍കുമെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണത്തില്‍ വലിയ പരാതികളോ പ്രതികൂല സംഭവങ്ങളോ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും കാത്തിരുന്ന് കണ്ടേണ്ടതുണ്ട്. ഇന്ത്യയില്‍ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയും രോഗപ്രതിരോധ ഫലങ്ങളും ഒരു മാസത്തിനുള്ളില്‍ പുറത്തുവരുമെന്നും പൂനവല്ല പറഞ്ഞു.

Top