സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ കുവൈത്തുമായി ഏറ്റുമുട്ടും; മത്സരം ചൊവ്വാഴ്ച

ബെംഗളൂരു : ലബനനെ പൊരുതി കീഴടക്കിയ ഇന്ത്യ സാഫ് കപ്പ് ഫുട്ബോൾ ഫൈനലിലെത്തി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ കുവൈത്താണ് എതിരാളികൾ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾരഹിത സമനില യായ മത്സരത്തിൽ, ഷൂട്ടൗട്ടിൽ നേടിയ 4–2 വിജയത്തോടെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.

ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കായി കിക്കെടുത്ത ക്യാപ്റ്റൻ സുനിൽ ഛേത്രി, അൻവർ അലി, നവോറെം മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവർക്കു ലക്ഷ്യം കാണാൻ സാധിച്ചു. എന്നാൽ, ലബനന്റെ ഹസ്സൻ മാറ്റൗക്ക്, ഖലീൽ ബാദർ എന്നിവരുടെ കിക്കുകൾ പാഴായി. (4–2).

തുടർച്ചയായ 2–ാം തവണയാണ് ഇന്ത്യ ലബനനെ കീഴടക്കുന്നത്. കഴിഞ്ഞമാസം ഭുവനേശ്വറിൽ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യ 2–0ന് ലബനനെ തോൽപിച്ച് കിരീടജേതാക്കളായിരുന്നു. ഭൂരിഭാഗം സമയവും പന്തവകാശവും മുന്നേറ്റവും നിലനിർത്തിയിട്ടും ഇന്ത്യയ്ക്കു ഗോൾ നേടാൻ കഴിയാതെ പോയതുകൊണ്ടാണ് കളി ഷൂട്ടൗട്ട് വരെ നീണ്ടത്.

നേരത്തേ നടന്ന ആദ്യ സെമിയിൽ കുവൈത്ത് 1–0ന് ബംഗ്ലദേശിനെ തോൽപിച്ചു. 90 മിനിറ്റ് കളിയിൽ ഗോൾരഹിത സമനിലയായിരുന്നു. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയിൽ അബ്ദുല്ല അൽ ബ്ലൗഷിയാണ് കുവൈത്തിന്റെ വിജയഗോൾ നേടിയത്. ഇരുടീമുകളും ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെടുത്തയതിനാലാണ് കളി എക്സ്ട്രാ ടൈമിലേക്കു നീണ്ടത്. കളിക്കു ചൂടുപിടിച്ചതോടെ ബംഗ്ലദേശ് താരങ്ങളും മാച്ച് ഒഫിഷ്യലുകളും തമ്മിൽ തർക്കവും അരങ്ങേറി.

Top