ലോകത്തെ ‘സൂപ്പർ പവർ’ റാങ്കിൽ ഇന്ത്യ പ്രവേശിക്കുമെന്ന് റഷ്യൻ മാധ്യമം

ലോകത്തെ നമ്പര്‍ വണ്‍ ശക്തിയായി ഇന്ത്യ ഉയരാന്‍ സാധ്യത ഏറെയാണെന്ന്, പ്രമുഖ റഷ്യന്‍ മാധ്യമം.

റഷ്യയിലെ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ,
ആര്‍ട്ടിയോം ലുക്കിന്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിന് ശേഷമുള്ള ലോകക്രമം ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ചൈന വിടുന്ന വിദേശ കമ്പനികള്‍ എത്തുന്നതും, സാമ്പത്തികമായി ഇന്ത്യക്കാണ് ഏറെ ഗുണം ചെയ്യുക.

ഈ പശ്ചാത്തലത്തിലാണ് റഷ്യ ടുഡേയില്‍ വന്ന ലേഖനവും, ഇവിടെ പ്രസക്തമാകുന്നത്.

ഇന്ത്യ നിലവില്‍, സൈനികമായി വലിയ ശക്തിയായി മാറി കൊണ്ടിരിക്കുകയാണെന്നും ഈ അന്താരാഷ്ട്ര മാധ്യമം ചൂണ്ടിക്കാട്ടുന്നുണ്ട്.

ആഗോള ഊര്‍ജശ്രേണിയുടെ, ഉയര്‍ന്ന തലത്തിലേക്ക് എത്തി ചേരാനുള്ള സാധ്യതയും ഇനി ഇന്ത്യക്കാണ്. ഭാവിയില്‍ ‘സൂപ്പര്‍ പവര്‍ റാങ്കില്‍’ ഇന്ത്യ പ്രവേശിക്കുമ്പോള്‍, പുറത്താകാന്‍ സാധ്യതയുള്ളത് റഷ്യയല്ലേ എന്നും, ലേഖകന്‍ ആശങ്കപ്പെടുന്നുണ്ട്.

മോശം ജനസംഖ്യാശാസ്ത്രവും, ലോക സമ്പദ് വ്യവസ്ഥയുടെ ചുരുങ്ങുന്ന പങ്കും മാത്രമുള്ള റഷ്യ, ഒരു തകര്‍ന്ന രാജ്യമായിട്ടാണ് ലേഖനത്തില്‍ നിരീക്ഷിച്ചിരിക്കുന്നത്. റഷ്യയിലെ പ്രമുഖ മാധ്യമമായ റഷ്യ ടുഡേയില്‍ വന്ന ഈ ലേഖനം, റഷ്യന്‍ ഭരണകൂടത്തേയും അമ്പരപ്പിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ്, ലേഖകനെ സ്വാധീനിച്ചിട്ടുണ്ടാവുകയെന്നാണ്, നയതന്ത്ര വിദഗ്ധരുള്‍പ്പെടെ വിലയിരുത്തുന്നത്.

കോവിഡ് ഭീതിക്കിടയിലും, മറ്റ് രാജ്യങ്ങളെ സഹായിക്കുന്ന നിലപാടാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. ചൈനയോട് ഗുഡ് ബൈ പറയുന്ന വിദേശ കമ്പനികള്‍ ഇന്ത്യയില്‍ എത്തുന്നതോടെ സാമ്പത്തിക ശക്തിയായും ഇന്ത്യ ഇനി മാറും.

ഇപ്പോള്‍ തന്നെ ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച പോര്‍വിമാനമായ ഫ്രാന്‍സിന്റെ റഫേല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞു. കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തും.

അമേരിക്കയുടെ അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെയും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞു.

റഷ്യയുടെ ഏറ്റവും പുതിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫും ഉടന്‍ ഇന്ത്യയിലെത്തും.സൈനികരെ ആധുനികവല്‍ക്കരിക്കുന്ന നടപടികളും ഇന്ത്യയില്‍ ദ്രുതഗതിയിലാണ് നടന്ന് വരുന്നത്. ജനസംഖ്യയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ ഇന്ത്യ സൈനികരുടെ എണ്ണത്തിലും ഏറെ മുന്നിലാണ്. സൈനിക ശക്തിയില്‍ ലോകത്തെ കരുത്തുറ്റ രാജ്യമായി ഇന്ത്യയെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ ശ്രമിക്കുന്നത്.

36 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്നത്. ലോകത്ത് ഇന്ന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും പ്രഹര ശേഷിയുള്ള യുദ്ധവിമാനമാണ് റഫേല്‍.

15.3 മീറ്റര്‍ നീളവും 5.3 മീറ്റര്‍ ഉയരവുമുള്ള ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇലക്ട്രോണിക് സ്‌കാനിങ് റഡാര്‍ ഉപയോഗിക്കുന്ന ഏക യൂറോപ്യന്‍ പോര്‍വിമാനം എന്ന സവിശേഷതയാണ്. വായുവില്‍ നിന്നും വായുവിലേക്കും കരയിലേക്കും ഒരേസമയം ആക്രമണം നടത്താന്‍ ശേഷിയുമുണ്ട്. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രം ഉണ്ടാക്കി ആക്രമണം നടത്താനുള്ള കഴിവ് മറ്റ് യുദ്ധവിമാനങ്ങളില്‍ നിന്നും റഫേലിനെ വ്യത്യസ്തമാക്കുന്നതാണ്. ഇന്ത്യന്‍ ആക്രമണശേഷിയുടെ കുന്തമുനയായി ഇനി ഈ യുദ്ധവിമാനം മാറും.

നിലവില്‍ ലോക സൈനിക കരുത്ത് പരിശോധിച്ചാല്‍ അതില്‍ നാലാമത്തെ വലിയ ശക്തിയാണ് ഇന്ത്യ. ആയുധ ശേഷിയുടെ പട്ടികയിലും വലിയ മുന്നേറ്റമാണ് സമീപകാലത്ത് ഇന്ത്യ നടത്തിയിരിക്കുന്നത്. കരസേനയുടെ അംഗബലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. പാക്കിസ്ഥാനാകട്ടെ പതിമൂന്നാം സ്ഥാനത്ത് മാത്രമാണുള്ളത്. സൈനിക അംഗസംഖ്യയില്‍ ഒന്നാമത് ചൈനയാണെങ്കിലും തന്ത്രങ്ങളുടെ കാര്യത്തില്‍ മുന്നില്‍ ഇന്ത്യ തന്നെയാണുള്ളത്.

13,62,500 സൈനികരാണ് ഇന്ത്യന്‍ കരസേനക്കുള്ളത്. ഏഴ് കമാന്‍ഡര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരസേന രാജ്യത്തെ മൊത്തം സൈനിക ശേഷിയുടെ 80 ശതമാനത്തോളം വരും. മിഗ് 29, മിറാഷ്, സുഖോയ്, ബോയിംഗ്, ജാഗ്വാര്‍ തുടങ്ങി ലോകത്തില്‍ മുന്‍പന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായുണ്ട്. ഈ ശ്രേണിയിലേക്കാണ് റഫേല്‍ യുദ്ധ വിമാനവും ലോകത്തെ നമ്പര്‍ വണ്‍ അറ്റാക്ക് ഹെലിക്കോപ്റ്ററായ അപ്പാച്ചെയും എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനക്കുള്ള 2,102 വിമാനങ്ങളില്‍ 676 എണ്ണവും യുദ്ധവിമാനങ്ങളാണ്. മിഗ്, ദ്രുവ്, ഡോര്‍ണിയര്‍ തുടങ്ങി ജര്‍മ്മന്‍, ഇസ്രയേല്‍ യുദ്ധവിമാനങ്ങളെല്ലാം വ്യോമസേനയുടെ ഭാഗമാണ്. ഒരുലക്ഷത്തി നാല്പതിനായിരം സൈനികരാണ് വ്യോമസേനക്കുള്ളത്. 137 യുദ്ധക്കപ്പലുകളും 223 യുദ്ധവിമാനങ്ങളും അടങ്ങുന്ന ഇന്ത്യന്‍ നാവികസേനയുടെ പകുതിയോളം ശേഷി മാത്രമാണ് പാക്കിസ്ഥാനുള്ളത്. 15 മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എപ്പോഴും എന്തിനും സജ്ജമായി നില്‍ക്കുകയാണ്.

അതിര്‍ത്തി രക്ഷാ സേന, തീരസേന എന്നിവയെല്ലാം ഇതിന് പുറമെയുള്ള കരുത്തുകളാണ്. ഇസ്രയേലില്‍ നിര്‍മ്മിച്ച 218 ആളില്ലാ യുദ്ധവിമാനങ്ങള്‍ ഇപ്പോഴും പാക്ക് സൈന്യത്തിന്റെ പേടിസ്വപ്നമാണ്. അമേരിക്കയുടെ ആധുനിക യുദ്ധ വിമാനങ്ങളേയും മിസൈലുകളേയും ചാരമാക്കാന്‍ കഴിയുന്ന റഷ്യയുടെ എസ് 400 ട്രയംഫും അധികം വൈകാതെ തന്നെ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്ന കരുത്താണ്. 42,000 കോടിയുടെ കരാറാണ് ഇത് സംബന്ധമായി റഷ്യയുമായി ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്.

സൈനികരെ പൂര്‍ണ്ണമായും ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളും ധ്രുതഗതിയില്‍ നടന്ന് വരികയാണ്. കര, നാവിക, വ്യോമസേനകളുടെ ആധുനീകവല്‍ക്കരണം വലിയ ആത്മവിശ്വാസമാണ് ഇന്ത്യന്‍ സേനയ്ക്കിപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് റഷ്യന്‍ മാധ്യമവും, ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യതകള്‍ തുറന്ന് കാട്ടിയിരിക്കുന്നത്.


Express View

Top