ഈ പോരാട്ടത്തില്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും; ട്രംപിന് മറുപടിയുമായി മോദി

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നു കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വൈറസ് വ്യാപനത്തിനെതിരെ മാനവരാശി ഒന്നാകെ നടത്തുന്ന പോരാട്ടത്തില്‍ സാധ്യമായതെല്ലം ചെയ്യുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

“പ്രതിസന്ധികള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കും എന്ന ട്രംപിന്റെ വാക്കുകളോട് പൂര്‍ണായി യോജിക്കുന്നു. ഇന്ത്യ – അമേരിക്ക ബന്ധം എന്നത്തേക്കാളും ശക്തമാണ് ഇപ്പോള്‍. കൊവിഡിനെതിരായ മാനവരാശി ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും. ഇവിടെ നമ്മുക്ക് ഒന്നിച്ചു വിജയിക്കാം” – എന്നായിരുന്നു ട്രംപിനുള്ള മറുപടിയായി മോദി ട്വിറ്ററില്‍ കുറിച്ചത്.

ലോകത്തേറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യമാണ് നിലവില്‍ അമേരിക്ക. ഈ സാഹചര്യത്തിലാണ് ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ മരുന്നിനായി ട്രംപ് ഇന്ത്യയുടെ സഹായം തേടിയത്.

പ്രതിരോധമരുന്നു വികസിപ്പിക്കും വരെ കോവിഡ് ചികിത്സയില്‍ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്ന ഗുളികയാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍.

ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതിക്ക് ഇന്ത്യ അനുവദിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചത്.

29 മില്ല്യണ്‍ ഡോസ് ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നുകളാണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് നന്ദി പറഞ്ഞും മോദിയെ പുകഴ്ത്തിയും ട്രംപ് രംഗത്ത് വന്നത്.

“ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോദി. ഈ പോരാട്ടത്തില്‍ ഇന്ത്യയെ മാത്രമല്ല, മാനവികതയെ ആകെ സഹായിക്കുന്നതില്‍ നിങ്ങളുടെ ശക്തമായ നേതൃത്വത്തിനു സാധിക്കും”- എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

നിലവില്‍ മുപ്പതോളം രാജ്യങ്ങള്‍ ഹൈഡ്രോക്‌സ് ക്‌ളോറോക്വിന്‍ മരുന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

Top