India will only discuss cross-border militancy with Pakistan, says MEA

ന്യൂഡല്‍ഹി: ഇന്ത്യപാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കാന്‍ സാധ്യത തെളിയുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന പാക് ക്ഷണത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് സാധ്യത വീണ്ടും തെളിയുന്നത്.

ചര്‍ച്ചയ്ക്ക് തയാറെന്നും എന്നാല്‍ പ്രസക്തമായ കാര്യങ്ങള്‍ മാത്രമേ ഉന്നയിക്കാവൂ എന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. പഠാന്‍കോട്ട് ആക്രമണത്തിനു ശേഷം ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയാണ് ഇതോടെ അവസാനിക്കുന്നത്.

‘ഇന്ത്യപാക് ബന്ധത്തെ ബാധിക്കുന്ന പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്താനെ ക്ഷണിക്കുന്നു’, മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം, ആക്രമങ്ങളെ പ്രോത്സാഹിപ്പിച്ചത്, അതിര്‍ത്തിയിലെ ഭീകരവാദം, മുംബൈ ആക്രമണം, പഠാന്‍കോട്ട് ആക്രമണത്തില്‍ പാകിസ്ഥാനിലെ അന്വേഷണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതുവരെ തുടര്‍ന്ന പോലെ, ഭീകരവാദത്തിന് പണംമുടക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുമായി, നടപടികള്‍ യാതൊന്നുമില്ലാതെ ചര്‍ച്ച മാത്രമായി തുടരുന്നതിനോട് ഇന്ത്യക്ക് യോജിക്കാനാവില്ല എന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

പാകിസ്ഥാന്‍ കയ്യേറിയ കശ്മീര്‍ ഇന്ത്യയുടേതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ചര്‍ച്ചയ്ക്കായുള്ള പാകിസ്താന്റെ ക്ഷണം. കഴിഞ്ഞദിവസം കശ്മീരില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്.

ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേന ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും ഇന്ത്യ അവസാനിപ്പിച്ചിരുന്നു.

അതിര്‍ത്തി കടന്നുവന്ന ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് തെളിയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല എന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പാക് അന്വേഷണസംഘം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഈ തീരുമാനം.

Top