ഇന്ത്യ -വെസ്റ്റ്ഇൻഡീസ് ട്വന്റി 20 ഇന്ന് കാര്യവട്ടത്ത് ; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

തിരുവനന്തപുരം : ഇന്ത്യ -വെസ്റ്റ്ഇൻഡീസ് രണ്ടാം ട്വന്റി 20 മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.

ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ വിൻഡീസിന്റെ 207 റൺസ് പിന്തുടർന്നു ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാല്‍ വെസ്റ്റിന്‍ഡീസിന് ഇന്ന് ജയിച്ചേ തീരൂ.

മത്സരത്തിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി പൊലീസ് അറിയിച്ചു. മത്സരത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി കമ്മീഷണര്‍ എം.ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ 1000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

നാലു മണിയോടു കൂടി കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാം. 3ഘട്ടമായുള്ള സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. കുപ്പി, കുട തുടങ്ങി പുറത്തു നിന്നുള്ള വസ്തുക്കളൊന്നും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കില്ല.

മത്സരത്തിന് ശേഷം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വെസ്റ്റ് ഇന്റീസ് ടീമും രണ്ടിന് ഇന്ത്യന്‍ ടീമും മൂന്നാം മത്സരത്തിനായി മുംബൈയിലേക്ക് തിരിക്കും.

Top