ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ രാജ്‌കോട്ടില്‍ തുടക്കമാവും

രാജ്‌കോട്ട്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ രാജ്‌കോട്ടില്‍ തുടക്കമാവും. പരമ്പരയില്‍ രണ്ട് ടെസ്റ്റാണുള്ളത്.

പരുക്കേറ്റ ഫാസ്റ്റ് ബൗളര്‍ കെമാര്‍ റോച്ചിന് ഒന്നാം ടെസ്റ്റില്‍ കളിക്കാനാവാത്തത് വിന്‍ഡീസിന് തിരിച്ചടിയാണ്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് പുതിയ ഓപ്പണിംഗ് ജോഡിയെ പരീക്ഷിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര.

ഇംഗ്ലണ്ടില്‍ നിരാശപ്പെടുത്തിയ ശിഖര്‍ ധവാനും മുരളി വിജയ്ക്കും പകരം പൃഥ്വി ഷായോ മായങ്ക് അഗര്‍വാളോ കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്‌സ് തുറക്കാന്‍ എത്തും. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍ പ്രവഹിക്കുന്നുണ്ടെങ്കിലും കൗമാരതാരം പൃഥ്വി ഷായ്ക്കാണ് സാധ്യത കൂടുതല്‍.

ഏഷ്യാകപ്പില്‍ നിന്ന് വിട്ടുനിന്ന വിരാട് കൊഹ്ലി ക്യാപ്റ്റനായി വീണ്ടും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം ഹനുമ വിഹാരിയും ഇലവനിലുണ്ടാവും.

വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനും സ്വന്തം നാട്ടില്‍ അരങ്ങേറ്റമാണ്. ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജ കുല്‍ദീപ് എന്നിവരാണ് സ്പിന്‍ നിരയിലുള്ളത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

ബാറ്റിംഗിന് അനുകൂലമായ രാജ്‌കോട്ടിലെ പിച്ചില്‍ ചേതേശ്വര്‍ പുജാരയും രവീന്ദ്ര ജജേഡയും രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനെതിരെ രണ്ടു ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യക്ക് ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം. 1994ന് ശേഷം ഇന്ത്യയില്‍ വിന്‍ഡീസ് ടെസ്റ്റ് ജയിച്ചിട്ടില്ല.

Top