റെക്കോര്‍ഡ് നേട്ടത്തിനായി കോഹ്ലിയും രോഹിതും; ഇന്ത്യ- വിന്‍ഡീസ് മത്സരം നിര്‍ണയകമാകും

ഫ്‌ളോറിഡ: ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡിനു വേണ്ടിയാണ് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ന് കളത്തിറങ്ങുന്നത്. ഇരുവരും ഇതുവരെ നേടിയത് 20 അര്‍ധ സെഞ്ചുറികള്‍ വീതമാണ്. വെസ്റ്റിന്‍ഡീസിനെതിരായ ഇന്നത്തെ മത്സരത്തില്‍ ഇവരില്‍ ആരാണ് മുന്നിലെത്തുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

കോഹ്ലി 62 ഇന്നിങ്‌സിലാണ് 20 അര്‍ധ സെഞ്ചുറികള്‍ നേടിയത്. രോഹിത് 86 ഇന്നിങ്‌സിലും. ഇവര്‍ക്കു ശേഷമുള്ളത് ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ്. 16 അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് ഗുപ്റ്റിലിന്റെ അക്കൗണ്ടിലുള്ളത്.

ഇതുകൂടാതെ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ് മറികടക്കാനുള്ള അവസരം കൂടിയാണ്. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോഡിലെത്താന്‍ രോഹിതിന് നാല് സിക്‌സുകള്‍ കൂടി മതി. അങ്ങനെയെങ്കില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെ രോഹിതിന് മറികടക്കാം.

ഗെയ്‌ലിന്റെ അക്കൗണ്ടില്‍ 105 സിക്‌സാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള രോഹിത് ഇതുവരെ 102 സിക്‌സ് നേടിയിട്ടുണ്ട്. 103 സിക്‌സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്. ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ഇന്ത്യ- വിന്‍ഡീസ് ആദ്യ ട്വന്റി-20.

Top