ആയുധ ശക്തിയായി ഇന്ത്യ; ആയുധങ്ങൾ വാങ്ങാൻ 85 രാജ്യങ്ങൾ പിന്നാലെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ വാങ്ങാന്‍ തയ്യാറായി 85 രാജ്യങ്ങള്‍ രംഗത്ത് എത്തിയതായി റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ പ്രതിരോധ വിദഗ്ദരുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നും 2025ന് മുമ്പ് 35000 കോടിയുടെ ആയുധങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യാന്‍ ഇന്ത്യ പദ്ധതിയിടുന്നതെന്നുമാണ് സൂചന.

ഇതിനായി വിവിധ രാജ്യങ്ങളിലെ പ്രതിരോധ അറ്റാഷെമാര്‍ക്ക് (നയതന്ത്ര കാര്യാലയത്തിലെ വിദഗ്ദ്ധന്‍) പ്രതിവര്‍ഷം 50,000 അമേരിക്കന്‍ ഡോളര്‍ വരെ ചെലവിടാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആയുധങ്ങളെക്കുറിച്ച് സ്വന്തം രാജ്യത്തെ പ്രതിരോധ വകുപ്പിനോട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് അറ്റാഷെമാരുടെ ചുമതലയാണ്. സെമിനാറുകള്‍, എക്‌സിബിഷനുകള്‍, പഠനക്കളരികള്‍, സെമിനാറുകള്‍, ലഘുലേഖയിലൂടെയുള്ള പ്രചാരണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അറ്റാഷെമാര്‍ക്ക് പണം ചെലവിടാം.

ആയുധം വാങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളുടെയും പട്ടിക ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ധാരാളമായി ആയുധം വാങ്ങുമെന്ന് കരുതുന്ന ചില രാജ്യങ്ങളെ ഇന്ത്യ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിയറ്റ്നാം, തായ്‌ലാന്‍ഡ്, ബഹ്റിന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ചില പടിഞ്ഞാറന്‍ രാജ്യങ്ങളും ഇന്ത്യയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അമേരിക്കയും ബ്രിട്ടണും തങ്ങള്‍ക്ക് വേണ്ട പ്രധാന പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കുന്നത് സ്വന്തമായാണെങ്കിലും ഇതിന് വേണ്ട സബ് സിസ്റ്റങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ലോകത്തെ ഒരു പ്രധാന ആയുധ നിര്‍മാണ കേന്ദ്രമാകാനുള്ള ശ്രമമാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. 2025ന് മുമ്പ് 35000 കോടി രൂപയ്ക്കുള്ള ആയുധ വ്യാപാരം നടത്തുകയാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യം. ഇതിനായി മേക്ക് ഇന്ത്യാ പദ്ധതിക്ക് കീഴില്‍ കൂടുതല്‍ ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമവും കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Top