പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ‘റെക്കോര്‍ഡ്’ പ്രസവം; വരവേറ്റത് 67000 കുഞ്ഞുങ്ങളെ

2020 പുതുവര്‍ഷ ദിനം ആഘോഷത്തിന്റേതാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് അതൊരു ആശങ്കയുടെ ദിനമാണ്. പുതുവര്‍ഷ ദിനത്തില്‍ ലോകത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച പ്രസവങ്ങളാണ് ഇതിന് കാരണം. 67,385 കുഞ്ഞുങ്ങളെ ഇന്ത്യ ഈ ദിനത്തില്‍ വരവേറ്റത്. ചൈന 46,299 കുഞ്ഞുങ്ങളെയും, നൈജീരിയ 26,039 കുഞ്ഞുങ്ങളെയും, പാകിസ്ഥാനില്‍ 16787, ഇന്തോനേഷ്യയില്‍ 13020, അമേരിക്കയില്‍ 10452 എന്നിങ്ങനെയാണ് പട്ടികയില്‍ ഇന്ത്യക്ക് പിന്നിലുള്ളവര്‍.

യൂനിസെഫാണ് 2020 പുതുവര്‍ഷദിനത്തിലെ പ്രസവ കണക്കുകള്‍ സ്വരൂപിച്ചത്. ആഗോളതലത്തില്‍ ഏകദേശം 392,078 കുഞ്ഞുങ്ങളാണ് ന്യൂഇയറില്‍ പിറന്നത്. ഇതിന്റെ 17 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള കുഞ്ഞുങ്ങളാണ്. 2020ലെ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചത് പസഫിക്കിലെ ഫിജിയിലാണെന്നും യുനിസെഫ് പറയുന്നു.

ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് മനുഷ്യത്വപരവും, വികസനവും എത്തിക്കാന്‍ ഉത്തരവാദിത്വമുള്ള ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയാണ് യുനിസെഫ്. എല്ലാ ജനുവരിയിലും യുനിസെഫ് ന്യൂഇയര്‍ പ്രസവത്തിന്റെ കണക്കുകള്‍ പങ്കുവെയ്ക്കാറുണ്ട്. ജനുവരി ഒന്നിന് പ്രസവ തീയതി തെരഞ്ഞെടുത്ത് കാത്തിരിക്കുന്ന നിരവധി മാതാപിതാക്കളുമുണ്ട്.

രാജ്യത്തിന്റെ തലസ്ഥാന നഗരത്തിലും നിരവധി കുഞ്ഞുങ്ങള്‍ 2020 ജനുവരി ഒന്നിന് പിറന്നിട്ടുണ്ട്. തങ്ങളുടെ മക്കള്‍ പുതുവര്‍ഷത്തില്‍ തന്നെ പിറക്കാനായി ഈ ദിനം സിസേറിയനായി തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പുതുവര്‍ഷത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളുടെ ജനനം അത്ര സുഖകരമല്ലെന്ന് യൂനിസെഫ് കൂട്ടിച്ചേര്‍ക്കുന്നു.

Top