പാക്കിസ്ഥാന്‍ എഫ്.എ.ടി.എഫ് നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് തടയണമെന്ന് പാകിസ്ഥാനോട് ഇന്ത്യ. ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് ( എഫ്.എ.ടി.എഫ് ) നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി സെപ്റ്റംബറിന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

വരുന്ന ഒക്ടോബറോടുകൂടി യുഎന്‍ നിര്‍ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്ന് എഫ്എടിഎഫ് പാക്കിസ്ഥാന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എഫ്.എ.ടി.എഫ് നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത ഇന്ത്യ പാകിസ്ഥാന്‍ ശക്തമായതും സുതാര്യവുമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്എടിഎഫ് മുന്നറിയിപ്പ് നല്‍കി.കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങള്‍ അടക്കം നേരിടേണ്ടി വരും.

അങ്ങനെവന്നാല്‍ ആഗോള സാമ്പത്തിക സഹായം നേടിയെടുക്കാന്‍ പാക്കിസ്ഥാന് കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരും. നിലവില്‍ സാമ്പത്തിക വ്യവസ്ഥയില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന പാകിസ്താന്‍ എഡിബി വായ്പ തേടിയിരുന്നു. കരിമ്പട്ടികയില്‍ പെട്ടാല്‍ ആ വഴിയും അടയും.

Top